
Virat Kohli Photo Courtesy: RCB|BCCI
ന്യൂഡല്‍ഹി: 11 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ ഏറ്റവും മനോഹരമായ നിമിഷം ഏതായിരുന്നു? ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആ നിമിഷത്തെ കുറിച്ച് മനസ്സുതുറന്നു. 2008-ല്‍ ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്തപ്പോഴായിരുന്നു ജീവിതത്തില്‍ ഏറ്റവും സന്തോഷം അനുഭവിച്ചതെന്ന് കോലി പറയുന്നു. ഇരിക്കണോ നില്‍ക്കണോ അതോ തുള്ളിച്ചാടണോ എന്ന് അറിയാത്ത അവസ്ഥയിലൂടെയാണ് അപ്പോള്‍ കടന്നുപോയതെന്നും കോലി ഓര്‍ത്തെടുക്കുന്നു.
'ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്ത ആ നിമിഷമാണ് എന്റെ ജീവിതത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. അമ്മയോടൊപ്പം വീട്ടിലിരുന്ന് ടിവിയില്‍ ന്യൂസ് കാണുകയായിരുന്നു ഞാന്‍. അതിനിടയില്‍ ഞാന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെന്ന് ന്യൂസ് ഫ്ളാഷ് ആയി കാണിച്ചു. അതിന് മുമ്പ് ടീമിലെത്തുന്നതിനെ കുറിച്ച് എവിടെ നിന്നും ഒരു സൂചനയും എനിക്ക് ലഭിച്ചിരുന്നില്ല. ആ ഫ്ളാഷ് ന്യൂസ് കണ്ടതോടെ എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇരിക്കണോ നില്‍ക്കണോ ഓടണോ അതോ തുള്ളിച്ചാടണോ എന്നറിയാതെ ഞാന്‍ നിന്നു. ജീവിത്തതില്‍ എപ്പോഴും റീപ്ലേ അടിച്ച് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്ന ദിവസവും അതു തന്നെയാണ്.' കോലി വ്യക്തമാക്കി.
2008-ല്‍ ഇന്ത്യന്‍ ടീം അണ്ടര്‍-19 ലോകകപ്പ് കിരീടം നേടിയപ്പോഴാണ് ക്യാപ്റ്റനായ വിരാട് കോലിയെ ക്രിക്കറ്റ് ലോകം ശ്രദ്ധിക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ സീനിയര്‍ ടീമില്‍ കോലി ഇടം നേടി. 'രാജ്യത്തിനായി ഓരോ ടൂര്‍ണമെന്റിലും പരമ്പരയിലും കളിക്കുന്നത് നിങ്ങളുടെ നേട്ടങ്ങളാണ്, അതു നിങ്ങളുടെ കരിയറിലെ വിജയങ്ങളാണ്. എന്നാല്‍ എട്ടാം വയസ്സ് മുതല്‍ ആഗ്രഹിച്ചത് കഠിനപ്രയത്നത്തിലൂടെ ഒരു ദിവസത്തിലൂടെ യാഥാര്‍ത്ഥ്യമാകുമ്പോള്‍, രാജ്യത്തെ പ്രതിനിധാനം ചെയ്യാന്‍ നിങ്ങളെ തിരഞ്ഞെടുത്തുമ്പോള്, ആ നിമിഷം ഒരിക്കലും ആവര്‍ത്തിക്കാനാകില്ല.' കോലി കൂട്ടിച്ചേര്‍ത്തു.
Content Highlights: Virat Kohli reveals best moment of his career
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..