വിരാട് കോലി വെല്ലിങ്ടണിൽ മാധ്യമങ്ങളെ കാണുന്നു ഫോട്ടോ: വീഡിയോഗ്രാബ്
വെല്ലിങ്ടണ്‍: മൂന്നു വര്‍ഷം കൂടി ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും തുടരുമെന്നും അതിനുശേഷം ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മടുപ്പും ജോലിഭാരവും കൂടുതലാണെന്നും ഇത് ശരീരത്തേയും മനസ്സിനേയും ബാധിക്കുന്നുണ്ടെന്നും കോലി വ്യക്തമാക്കി. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍.
2021-ല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ശേഷം ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍നിന്ന് വിരമിക്കാന്‍ പദ്ധതിയുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. 'അടുത്ത മൂന്നു വര്‍ഷവും ഞാന്‍ സജീവമായി ക്രിക്കറ്റിലുണ്ടാകും. അതിനുശേഷം നമ്മള്‍ സംസാരിക്കുമ്പോള്‍ ചില വ്യത്യാസങ്ങള്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.' കോലി മറുപടി നല്‍കി. 'ജോലിഭാരത്തേയും മടുപ്പിനേയും കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് ഒരിക്കലും ഒളിച്ചോടാനാകില്ല. വര്‍ഷത്തില്‍ 300 ദിവസവും കളിക്കുന്നത് പതിവായിട്ട് എട്ടു വര്‍ഷത്തോളമായി. ഇതില്‍ നീണ്ട യാത്രകളും കഠിനപരിശീലനവും ഉള്‍പ്പെടുന്നു. ഇതെല്ലാം എന്നെ ബാധിക്കുന്നുണ്ട്.' കോലി കൂട്ടിച്ചേര്‍ത്തു. നേരത്തേയും ജോലിഭാരത്തെ കുറിച്ച് കോലി തുറന്നടിച്ചിരുന്നു.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഏകദിന, ട്വന്റി-20 ലോകകപ്പുകള്‍ നേടുകയാണ് ലക്ഷ്യമെന്നും തുടര്‍ച്ചയായ പരമ്പരയ്ക്കിടെ ഇടയ്ക്കിടെ വിശ്രമം ലഭിക്കുന്നത് സഹായകരമാണെന്നും കോലി വ്യക്തമാക്കി. വെള്ളിയാഴ്ച്ചയാണ് ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. രണ്ടു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
Content Highlights: Virat Kohli on work load and retirement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..