ന്യൂഡല്‍ഹി: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ സമയത്തെ ഡല്‍ഹി പോലീസിന്റെ നിരന്തര സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ടീം അംഗം ഇഷാന്ത് ശര്‍മയും.

വീഡിയോ സന്ദേശത്തിലാണ് ഇരുവരും പോലീസിന് നന്ദി അറിയിച്ച് രംഗത്തെത്തിയത്. ഇവ ഡല്‍ഹി പോലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്.

തങ്ങളുടെ ജോലി സത്യസന്ധമായി ചെയ്യുന്നതിനൊപ്പം ദിവസവും പാവപ്പെട്ട ജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാനും ഡല്‍ഹി പോലീസ് തയ്യാറാകുന്നുണ്ടെന്ന് കോലി പറഞ്ഞു.

''രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഡല്‍ഹി പോലീസ് അവരുടെ ജോലി ചെയ്യുകയാണ്. പുറത്തിറങ്ങാതെ വീട്ടില്‍ തന്നെയിരുന്ന് നമുക്ക് അവരെ സഹായിക്കാം. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കാതിരിക്കുക എന്നതാണ്'', ഇഷാന്ത് പറഞ്ഞു.

ശനിയാഴ്ച രാവിലെ വരെ കോവിഡ് -19 മൂലം 200 ലധികം മരണങ്ങളും 7,000 കേസുകളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

7,400-ഓളം പേര്‍ക്ക് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 239 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Content Highlights: Virat Kohli, Ishant Sharma Applaud Delhi Police for their services lockdown