വെല്ലിങ്ടണ്‍: എല്ലാ ടീമിന്റേയും ലക്ഷ്യം ഇന്ത്യയെ പരാജയപ്പെടുത്തുകയാണെന്നും ന്യൂസീലന്‍ഡ് ഇതില്‍ നിന്ന് വ്യത്യസ്തമല്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന് മുമ്പ് വെല്ലിങ്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറുടെ വസതി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കോലി. ഇന്ത്യന്‍ ടീമംഗങ്ങളെല്ലാം കോലിക്കൊപ്പമുണ്ടായിരുന്നു.

ഹൈക്കമ്മീഷ്ണറുടെ വസതി സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത് ആദരമായി കാണുന്നെന്നും ഇന്ത്യയില്‍ നിന്നുള്ള ഒരുപാട് ആളുകളെ പരിചയപ്പെടാനായതും അവരോടൊപ്പം സമയം ചെലവഴിക്കാനായതും സന്തോഷം നല്‍കുന്ന കാര്യമാണെന്നും കോലി വ്യക്തമാക്കി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്കാണ് ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. രണ്ടു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. 

നേരത്തെ ഇന്ത്യന്‍ ടീമില്‍ മൂന്നു വര്‍ഷം കൂടി തുടരുമെന്നും അതിനുശേഷം ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും വിരാട് കോലി വ്യക്തമാക്കിയിരുന്നു. ജോലിഭാരം കൂടുതലാണെന്ന് സൂചിപ്പിച്ച കോലി എട്ടു വര്‍ഷത്തോളമായി ഒരു വര്‍ഷത്തില്‍ 300 ദിവസവും കളിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 

 

Content Highlights: Virat Kohli India vs New Zealand Test Series