ഹാമില്‍ട്ടണ്‍: ന്യൂസീലന്‍ഡിനെതിരായ പരമ്പര വിജയത്തിന് ശേഷം ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ അഭിനന്ദിച്ച് ക്യാപ്റ്റന്‍ വിരാട് കോലി. അവസാന ഓവറില്‍ ഒമ്പത് റണ്‍സ് എടുക്കാന്‍ അനുവദിക്കാതെ കിവീസ് ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുകെട്ടിയ ഷമിയുടെ ബൗളിങ്ങ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ഈ പ്രകടനത്തെയാണ് ക്യാപ്റ്റന്‍ അഭിനന്ദിച്ചത്.

ആദ്യ പന്തില്‍ സിക്‌സ് വഴങ്ങിയെങ്കിലും പിന്നീടുള്ള അഞ്ചു പന്തില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത ഷമി വില്ല്യംസണേയും റോസ് ടെയ്‌ലറേയും പുറത്താക്കുകയും ചെയ്തു. ഇതോടെ മത്സരം സമനില ആയി. സൂപ്പര്‍ ഓവറില്‍ രോഹിത് ശര്‍മ്മയുടെ സിക്‌സറുകള്‍ ഇന്ത്യയുടെ വിജയവുമുറപ്പിച്ചു. 

ഒരു ഘട്ടത്തില്‍ മത്സരം കൈവിട്ടെന്ന് തോന്നിയിരുന്നെന്നും എന്നാല്‍ ഷമിയുടെ ബൗളിങ് കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാക്കുകയായിരുന്നെന്നും വിരാട് കോലി വ്യക്തമാക്കി. മത്സരശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോലി.

'കളി കൈവിട്ടെന്ന് കരുതിയതാണ്. എന്നാല്‍ തന്റെ പരിചയസമ്പത്ത് കൃത്യസമയത്ത് ഷമി പുറത്തെടുത്തു. അവസാന പന്ത് എറിയുന്നതിന് മുമ്പ് ഞാന്‍ ഷമിയുടെ അടുത്തെത്തി. ഞങ്ങള്‍ എങ്ങനെ പന്ത് എറിയണം എന്ന് ചര്‍ച്ച ചെയ്തു. സ്റ്റമ്പില്‍ ഹിറ്റ് ചെയ്തില്ലെങ്കില്‍ ഒരു റണ്‍സ് എങ്ങനെയെങ്കിലും എടുത്ത് ന്യൂസീലന്‍ഡ് വിജയിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു. ഞങ്ങളുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. അവസാന പന്തില്‍ സ്റ്റമ്പ് ഇളക്കി ഷമി ഇന്ത്യയുടെ ആയുസ് നീട്ടി.' കോലി വ്യക്തമാക്കി.

Content Highlights: Virat Kohli Credits Mohammed Shami For Keeping India Alive