വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ പത്ത് വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ക്യാപ്റ്റന്‍ വിരാട് കോലി. ഒന്നര ദിവസം ശേഷിക്കെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റനെതിരേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കഴിഞ്ഞ കുറച്ചു ഇന്നിങ്‌സുകളില്‍ കോലിയുടെ പ്രകടനം മോശമാണ്. എന്നാല്‍ ഈ പ്രകടനത്തെ ന്യായീകരിക്കുന്നതായിരുന്നു കോലിയുടെ പ്രതികരണം. മികച്ച രീതിയില്‍ ബാറ്റു ചെയ്യുന്നുണ്ടെങ്കിലും അതിന്റെ ഫലം സ്‌കോര്‍ബോര്‍ഡില്‍
കാണുന്നില്ലെന്ന് കോലി പറയുന്നു. മത്സരശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍.

'എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഞാന്‍ മികച്ച രീതിയില്‍ തന്നെയാണ് ബാറ്റു ചെയ്യുന്നത്. ഫോംഔട്ട് അല്ല. ചില സമയത്ത് എങ്ങനെ ബാറ്റു ചെയ്യുന്നു എന്നത് സ്‌കോറില്‍ പ്രകടമാകാറില്ല. മനസ്സിലുള്ളത് അതുപോലെ നടപ്പിലാക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇതെല്ലാം സ്വാഭാവികമാണ്. ദീര്‍ഘകാലം കൂടുതല്‍ മത്സരങ്ങള്‍ കളിക്കുമ്പോള്‍ മൂന്നു നാലു ഇന്നിങ്‌സുകള്‍ നന്നായിരിക്കില്ല. പുറത്തുനടക്കുന്ന ചര്‍ച്ചകളെ ഗൗനിക്കുന്നില്ല. കഠിനപരിശീലനം നടത്തി തിരിച്ചുവരാനാണ് ശ്രമിക്കുന്നത്. ടീം വിജയിക്കുന്നുണ്ടെങ്കില്‍ ഒരാള്‍ നേടുന്ന 40 റണ്‍സ് പോലും മികച്ചതായിരിക്കും. സെഞ്ചുറികള്‍ക്ക് അവിടെ പ്രാധാന്യമില്ല.' കോലി വ്യക്തമാക്കുന്നു. 

വെല്ലിങ്ടണ്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ രണ്ടു റണ്‍സിന് പുറത്തായ കോലി രണ്ടാം ഇന്നിങ്‌സില്‍ നേടിയത് 19 റണ്‍സ് മാത്രമാണ്. കഴിഞ്ഞ 20 ഇന്നിങ്‌സുകളില്‍ ഇന്ത്യന്‍ ക്യാപ്റ്റന് ഒരു സെഞ്ചുറി പോലും കണ്ടെത്താനായിട്ടില്ല. ന്യൂസീലന്‍ഡില്‍ ട്വന്റി-20, ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളിലായി ഇതുവരെ കളിച്ച ഒമ്പത് ഇന്നിങ്‌സില്‍ ഒരൊറ്റ അര്‍ധ സെഞ്ചുറി മാത്രമാണ് കോലി നേടിയത്. 

Content Highlights: Virat Kohli comment after India vs New Zealand first test