ലണ്ടന്‍: വിരാട് കോലിയാണോ സച്ചിന്‍ തെണ്ടുല്‍ക്കറാണോ മികച്ച താരം? ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഈ ചര്‍ച്ച ചൂടുപിടിച്ചിട്ട് കാലം കുറേയായി. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍.

ഏകദിനത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച താരം വിരാട് കോലിയെന്നാണ് മൈക്കൽ വോണ്‍ പറയുന്നത്. കോലി ഏകദിനത്തില്‍ 41-ാം സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു വോണിന്റെ പ്രതികരണം. ഇതോടെ വോണ്‍ ഒരു ചോദ്യം നേരിട്ടു. സച്ചിന്‍, ബ്രാഡ്മാന്‍, ലാറ എന്നിവരേക്കാള്‍ മികച്ചവനാണോ കോലി എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. അതെ എന്നായിരുന്നു വോണിന്റെ ഉത്തരം. ഏകദിന ക്രിക്കറ്റിലാണ് ഇതെന്നും വോണ്‍ തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി. 

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലാണ് കോലി 41-ാം സെഞ്ചുറി നേടിയത്. ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ കോലി മൂന്നാമതെത്തുകയും ചെയ്തു. 10816 റണ്‍സ് അക്കൗണ്ടിലെത്തിയ കോലി ദ്രാവിഡിനെ മറികടന്നു. ഇനി സച്ചിനും ഗാംഗുലിയുമാണ് ഇന്ത്യന്‍ ക്യാപ്റ്റന് മുന്നിലുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ ഏകദിന ക്രിക്കറ്റില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 12-ാമത്തെ താരമെന്ന നേട്ടവും കോലി സ്വന്തമാക്കി. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയാണ് കോലി.

Content Highlights: Virat Kohli Better Than Sachin Tendulkar, Brian Lara Says Michael Vaughan