ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപയുടെ ധനസഹായം നല്‍കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും. ഒപ്പം ഫണ്ട് ധനശേഖരണ പ്ലാറ്റ്‌ഫോമായ കെറ്റോ വഴി ഏഴ് കോടി രൂപ സഹായിക്കാനും കോലിയും അനുഷ്‌കയും ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇരുവരും സോഷ്യല്‍ മീഡിയയില്‍ സഹായഅഭ്യര്‍ഥനയുമായി രംഗത്തെത്തി. 

കെറ്റോയില്‍ 'ഇന്‍ദിസ്ടുഗതര്‍' എന്ന പേരിലാണ് ധനസമാഹരണം. ഇതിലേക്കായാണ് രണ്ട് കോടി രൂപ വിരുഷ്‌ക നല്‍കിയത്. ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ധനസമാഹരണത്തിന് ഒടുവില്‍ എസിടി ഗ്രാന്റ്‌സിലേക്ക് ഈ പണം ലഭിക്കും. ഈ പണം ഉപയോഗിച്ച് എസിടി ഗ്രാന്റ്‌സ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കും.

'രാജ്യം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സമയം നമ്മള്‍ ഒരുമിച്ച് നിന്ന് കഴിയാവുന്നത്ര പണം കണ്ടെത്തേണ്ടതുണ്ട്. എത്രത്തോളം പേരെ സഹായിക്കാന്‍ കഴിയുമോ അത്രയും സഹായിക്കാനാണ് നമ്മള്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ ഈ സമയത്ത് ആ സഹായങ്ങള്‍ക്കെല്ലാം അപ്പുറം നമുക്ക് ചെയ്യാവുന്നതെല്ലാം ചെയ്യണം.' കോലി സോഷ്യല്‍ മീഡിയയില്‍ പറയുന്നു. 

'ആരോഗ്യസംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തി. ഈ സമയത്ത് മനുഷ്യര്‍ പ്രയാസപ്പെടുന്നത് കാണുമ്പോള്‍ വേദനിക്കുന്നു' അനുഷ്‌ക ട്വീറ്റ് ചെയ്തു.

Content Highlights: Virat Kohli Anushka Sharma Join Hands to Help India Fight Covid 19 Crisis