ബെംഗളൂരു: ആഭ്യന്തര മത്സരങ്ങള്‍ക്ക് ബി.സി.സി.ഐയുടെ ലോഗോ പതിച്ച ഹെല്‍മെറ്റ് ഉപയോഗിച്ച ആര്‍.അശ്വിന്‍ വിവാദത്തില്‍. വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ കര്‍ണാടകയ്‌ക്കെതിരായ മത്സരത്തിലാണ് തമിഴ്‌നാട് താരമായ അശ്വിന്‍ ഈ ഹെല്‍മെറ്റ് ഉപയോഗിച്ചത്. ഇതോടെ അശ്വിന് പിഴശിക്ഷ ലഭിച്ചേക്കും. 

ആഭ്യന്തര മത്സരങ്ങളില്‍ കളിക്കുമ്പോള്‍ ബി.സി.സി.ഐയുടെ ലോഗോ പതിച്ച ഹെല്‍മെറ്റ് ഉപയോഗിക്കരുത് എന്നാണ് നിയമം. ദേശീയ ടീമില്‍ കളിക്കുമ്പോഴുള്ള ഹെല്‍മെറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ ലോഗോ പതിച്ച ഭാഗം മറക്കണം. എന്നാല്‍ അത് മറക്കാതെയാണ് അശ്വിന്‍ കളിച്ചത്. 

മറ്റൊരു ഇന്ത്യന്‍ താരമായ മായങ്ക് അഗര്‍വാളും ബി.സി.സി.ഐ ലോഗോയുള്ള ഹെല്‍മെറ്റാണ് ഉപയോഗിച്ചത്. കര്‍ണാടയക്ക് വേണ്ടി കളിക്കുമ്പോഴായിരുന്നു ഇത്. എന്നാല്‍ മായങ്ക് ലോഗോയുള്ള ഭാഗം ടേപ്പ് ഉപയോഗിച്ച് മറച്ചിരുന്നു.

Content Highlights: Vijay Hazare Trophy R Ashwin wears helmet with BCCI logo