മുംബൈ: പ്രശസ്ത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ജി.കെ മേനോന്‍ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു.

സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്ററായി കരിയര്‍ ആരംഭിച്ച അദ്ദേഹം മുംബൈ ദാദറിലെ ശിവാജി പാര്‍ക്ക് ജിംഖാനയിലെ സജീവ അംഗമായിരുന്നു. ക്ലബ്ബ് തലത്തില്‍ കളിച്ചിട്ടുമുണ്ട്.

അതിനു ശേഷം മാധ്യമപ്രവര്‍ത്തനത്തിലേക്ക് ശ്രദ്ധതിരിച്ച അദ്ദേഹം വളരെ പെട്ടെന്നു തന്നെ മികച്ച സ്‌പോര്‍ട്‌സ് ജേര്‍ണലിസ്‌റ്റെന്ന് പേരെടുത്തു. ടൈംസ് ഓഫ് ഇന്ത്യയില്‍ ഏകദേശം 20 വര്‍ഷക്കാലത്തോളം സേവനമനുഷ്ടിച്ച അദ്ദേഹം 1970-ലാണ് വിരമിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിലും ജോലി ചെയ്തിട്ടുണ്ട്.

1956, 1969 വര്‍ഷങ്ങളിലെ ഓസ്‌ട്രേലിയന്‍ പര്യടനം മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജി.കെ മേനോന്‍ ഇന്ത്യ ഒന്നാകെ അറിയപ്പെടാന്‍ തുടങ്ങി.

1952-1953 കാലത്ത് രോഹിന്റണ്‍ ബാരിയ ട്രോഫി ജയിച്ച ബോംബെ യൂണിവേഴ്‌സിറ്റി ടീമിന്റെ മാനേജരായിരുന്നു അദ്ദേഹം. അന്ന് ബെംഗളൂരുവില്‍ നടന്ന ഫൈനലില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചാണ് മോനോന്റെ ടീം കിരീടത്തില്‍ മുത്തമിട്ടത്.

ഭാവിയില്‍ ടെസ്റ്റ് താരങ്ങളായ ചന്തു പട്ടാന്‍കര്‍, നരി കോണ്‍ട്രാക്ടര്‍, രാംനാഥ് കെന്നി, നരേന്‍ തംഹാനെ, ജി.ആര്‍ സുന്ദരാം തുടങ്ങിയവരെല്ലാം അന്ന് ബോംബെ യൂണിവേഴ്‌സിറ്റി ടീമിലുണ്ടായിരുന്നു.

സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന കാലത്ത് യുവതാരങ്ങളുടെ വളര്‍ച്ചയില്‍ ഏറെ ശ്രദ്ധിച്ചിരുന്ന അദ്ദേഹം അന്തരിച്ച മുന്‍ ഇന്ത്യന്‍ പേസര്‍ രമാകാന്ത് ദേശായിയുടെ വളര്‍ച്ചയില്‍ കാര്യമായ പങ്കുവഹിച്ച വ്യക്തിയാണ്.

1969-ലെ കുപ്രസിദ്ധമായ ബ്രാബോണ്‍ ടെസ്റ്റിനിടെ പ്രസ് ബോക്‌സില്‍ മേനോനുമുണ്ടായിരുന്നു. അന്ന് സ്‌റ്റേഡിയത്തില്‍ നടന്ന ലഹളയ്ക്കു പിന്നാലെ പ്രസ് ബോക്‌സിലിരുന്ന മേനോന്‍ മൈതാനത്തേക്കിറങ്ങിയ സംഭവം പ്രശസ്ത ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ റേ റോബിന്‍സണ്‍ 'ദ വൈല്‍ഡസ്റ്റ് ടെസ്റ്റ്‌സ്' എന്ന തന്റെ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. അന്ന് ഓസീസ് ക്യാപ്റ്റന്‍ ബില്‍ ലൗറിയും മേനോനും മുഖാമുഖം വന്ന സംഭവവും റേ റോബിന്‍സണ്‍ തന്റെ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.

Content Highlights: Veteran sports journalist GK Menon passed away