Photo: AFP
ദെഹ്റാദൂണ്‍: വെള്ളിയാഴ്ച പുലര്‍ച്ചെ ഹരിദ്വാറില്‍ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അമിത വേഗതയിലായിരുന്നില്ലെന്ന് ഉത്തരാഖണ്ഡ് പോലീസ്. അപകടസമയത്ത് താരം മദ്യപിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. അതേസമയം പുറത്തുവന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ അമിതവേഗതയിലെത്തിയ കാര്‍ റോഡ് ഡിവൈഡറില്‍ ഇടിച്ച് മറിയുന്നതായിട്ടായിരുന്നു ഉണ്ടായിരുന്നത്.
''ഉത്തര്‍പ്രദേശ് അതിര്‍ത്തി മുതല്‍ നര്സണിലെ അപകടസ്ഥലം വരെയുള്ള എട്ട് മുതല്‍ 10 വരെ സ്പീഡ് ക്യാമറകള്‍ ഞങ്ങള്‍ പരിശോധിച്ചു, ക്രിക്കറ്റ് താരത്തിന്റെ കാര്‍ ദേശീയപാതയിലെ 80 കിലോമീറ്റര്‍ വേഗത പരിധി കടന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍, ഡിവൈഡറില്‍ ഇടിച്ച ശേഷം കാര്‍ ഉയര്‍ന്നുപൊങ്ങിയതിനാലാണ് അത് അമിതവേഗതയിലായിരുന്നുവെന്ന് തോന്നുന്നത്. ഞങ്ങളുടെ സാങ്കേതിക സംഘവും അപകടസ്ഥലം പരിശോധിച്ചു. ക്രിക്കറ്റ് താരത്തിന്റെ അമിതവേഗതയെ സൂചിപ്പിക്കുന്ന ഒന്നും ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല.'' - ഹരിദ്വാര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി), അജയ് സിങ് പറഞ്ഞു.
''അദ്ദേഹം മദ്യപിച്ചിരുന്നെങ്കില്‍, ഡല്‍ഹിയില്‍ നിന്ന് 200 കിലോമീറ്റര്‍ മറ്റ് യാതൊരു അപകടത്തിലും പെടാതെ കാര്‍ ഓടിച്ചെത്താന്‍ അദ്ദേഹത്തിന് എങ്ങനെ കഴിയും? റൂര്‍ക്കി ആശുപത്രിയില്‍ പന്തിന് പ്രഥമശുശ്രൂഷ നല്കിയ ഡോക്ടറും അദ്ദേഹം സാധാരണനിലയില്‍ തന്നെയായിരുന്നുവെന്ന് അറിയിച്ചിരുന്നു.'' - അജയ് സിങ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഡ്രൈവിങ്ങിനിടെ പന്ത് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് ഉത്തരാഖണ്ഡ് പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) അശോക് കുമാര്‍ പറഞ്ഞു. താരം തന്നെ ഇക്കാര്യം പോലീസിനോട് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി-ദെഹ്റാദൂണ്‍ ഹൈവേയില്‍ ദെഹ്റാദൂണില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ നര്‍സനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മാതാപിതാക്കളെ കാണുന്നതിനായാണ് വെള്ളിയാഴ്ച പുലര്‍ച്ചെ പന്ത് തന്റെ കാറുമായി ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. മെഴ്സിഡസിന്റെ ജി.എല്‍.ഇ കാറാണ് താരം ഉപയോഗിച്ചത്. എന്നാല്‍ ഡല്‍ഹി-ഹരിദ്വാര്‍ ഹൈവേയില്‍ വെച്ച് താരത്തിന്റെ കാര്‍ ഡിവൈഡറിലിടിച്ചു. പുലര്‍ച്ചെ ഏകദേശം 5.30 ഓടെയാണ് അപകടമുണ്ടായത്. ഡിവൈഡറിലിടിച്ച വാഹനം പിന്നീട് പൂര്‍ണമായും കത്തി നശിച്ചു.
Content Highlights: Uttarakhand police say Rishabh Pant was not overspeeding or drunk
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..