സിഡ്‌നി: പാകിസ്താന്‍ പര്യടനത്തില്‍നിന്ന് ടീമുകള്‍ പിന്മാറുന്നതിനെതിരേ ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖ്വാജ. മനഃസാക്ഷിയില്ലാതെയാണ്‌ ടീമുകള്‍ പാകിസ്താനെ ഒഴിവാക്കുന്നതെന്നും ഇന്ത്യക്കെതിരേ ഇത്തരത്തില്‍ സമീപനം സ്വീകരിക്കുമോ എന്നും ഖ്വാജ ചോദിക്കുന്നു. 

'പാകിസ്താനോട് നോ പറയാന്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടില്ല. കാരണം അത് പാകിസ്താന് ആണല്ലോ. ബംഗ്ലാദേശിനോടും ഇതേ സമീപനം കാണിച്ചേക്കും. എന്നാല്‍, ഇന്ത്യയിലും ഇതുപോലൊരു സാഹചര്യം ഉണ്ടായാല്‍ നോ പറയാന്‍ ടീമുകള്‍ തയ്യാറാകുമോ? പണം തന്നെയാണ് ഇവിടെ പ്രധാനപ്പെട്ടത് എന്ന് ആര്‍ക്കാണ് അറിയാത്തത്?' ഖ്വാജ ചോദിക്കുന്നു. 

'സുരക്ഷാ പ്രശ്‌നങ്ങളില്ലാതെ എത്രയോ ടൂര്‍ണമെന്റുകള്‍ പാകിസ്താന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവിടെ ഭീഷണിയൊന്നും ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാം. പാകിസ്താനില്‍ പര്യടനം നടക്കാതിരിക്കാന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല.' ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഖ്വാജ വ്യക്തമാക്കി.

പാക് പര്യടനത്തിന് എത്തിയ ന്യൂസീലന്റ് മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് പിന്മാറുന്നതായി അറിയിച്ചത്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം. ഇത് പാക് ക്രിക്കറ്റ് ബോര്‍ഡിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തില്‍നിന്ന് പിന്മാറി.

Content Highlights: Usman Khawaja Reacts To New Zealand England Pulling Out Of Pakistan