Photo: twitter.com/AFP
ബുദാപെസ്റ്റ്: നീന്തല്‍ മത്സരത്തിനിടെ പൂളില്‍ ബോധരഹിതയായി മരണത്തെ മുന്നില്‍കണ്ട യു.എസ് നീന്തല്‍ താരത്തിന് തുണയായത് പരിശീലകയുടെ അവസരോചിതമായ ഇടപെടല്‍. ഹംഗറിയിലെ ബുദാപെസ്റ്റില്‍ നടക്കുന്ന 2022 ഫിന വേള്‍ഡ് അക്വാറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ബുധനാഴ്ച നടന്ന ഫൈനലിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ യു.എസ് നീന്തല്‍ താരം അനിറ്റ അല്‍വാരസ് ബോധരഹിതയായി പൂളിന്റെ ആഴങ്ങളിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ അപകടംമണത്ത അനിറ്റയുടെ പരിശീലകയായ ആന്ദ്രേ ഫ്യുവെന്റസ് ഉടന്‍ തന്നെ പൂളിലേക്ക് എടുത്ത് ചാടി താരത്തെ രക്ഷപ്പെടുത്തുകയായിരുന്നു.
അല്‍വാരസിനെ ഉടന്‍ തന്നെ അടുത്തുള്ള മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. താരത്തിന് കുഴപ്പമൊന്നുമില്ലെന്നും ഹൃദയമിടിപ്പും ഓക്സിജന്റെ അളവും രക്തസമ്മര്‍ദവുമെല്ലാം സാധാരണ നിലയിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
''അവള് മുങ്ങുന്നത് കണ്ടപ്പോള്‍ തന്നെ ഞാന്‍ രക്ഷാപ്രവര്‍ത്തകരെ നോക്കി. പക്ഷേ അവരും ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു. അതോടെ മറ്റൊന്നുമാലോചിക്കാതെ ഞാന്‍ ഉടന്‍ തന്നെ ചാടി അവരെ രക്ഷപ്പെടുത്തുകയായിരുന്നു. നല്ല ഭാരമുണ്ടായിരുന്നതിനാല്‍ തന്നെ അവളെ വെള്ളത്തിന് മുകളിലേക്ക് കൊണ്ടുവരിക ഒട്ടും എളുപ്പമായിരുന്നില്ല. വെള്ളത്തിന് മുകളിലെത്തിച്ചപ്പോള്‍ അവള്‍ക്ക് ശ്വാസമുണ്ടായിരുന്നില്ല. അതോടെ ഞാന്‍ ഭയപ്പെട്ടു. ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതിനാല്‍ അവള്‍ക്ക് ശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വെള്ളം ഛര്‍ദ്ദിച്ച് കളഞ്ഞതോടെ ആശ്വാസമായി.'' - ആന്ദ്രേ ഫ്യുവെന്റസ് പ്രതികരിച്ചു.
Content Highlights: US Swimmer Rescued By Coach After Fainting In Pool
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..