വാഷിങ്ടണ്‍: ടോക്യോ ഒളിമ്പിക്‌സിന് രണ്ടു മാസത്തില്‍ താഴെ മാത്രം ബാക്കിനില്‍ക്കെ ഒളിമ്പിക്‌സ് നടത്തിപ്പിനെതിരേ മുന്നറിയിപ്പുമായി യു.എസ് പൊതുജനാരോഗ്യ വിദഗ്ധര്‍. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തേക്ക് മാറ്റിവെച്ച ഒളിമ്പിക്‌സിന്റെ നടത്തിപ്പുമായി മുന്നോട്ടുപോകുന്നത് അത്‌ലറ്റുകളെയും പൊതുജനങ്ങളെയും അപകടത്തിലാക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

നിലവില്‍ ഒളിമ്പിക് മത്സരങ്ങളുമായി മുന്നോട്ടുപോകാനുള്ള പദ്ധതികള്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തങ്ങളെ അറിയിച്ചിട്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.

മിനസോട്ട യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് റിസര്‍ച്ച് ആന്‍ഡ് പോളിസിയിലെ മൈക്കല്‍ ഓസ്റ്റര്‍ഹോം ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ ഒളിമ്പിക്‌സിന്റെ കോവിഡുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കണ്ടെത്തുന്നതിനും അവ തടയുന്നതിനുമുള്ള കാര്യങ്ങളില്‍ അടിയന്തര നടപടികള്‍ ആവശ്യപ്പെട്ടു.

ടോക്യോ ഒളിമ്പിക്‌സിന്റെ റിസ്‌ക് മാനേജ്‌മെന്റിനെ കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടന എത്രയും പെട്ടെന്ന് ഒരു അടിയന്തര സമിതിയെ വിളിച്ചുചേര്‍ക്കണമെന്നും ഗവേഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ ഇക്കുറി ഒളിമ്പിക്സുമായി മുന്നോട്ടുപോകാനാണ് ഭാവമെങ്കില്‍ അത് ലോകത്തിന് വന്‍ അപകടം സൃഷ്ടിക്കുമെന്ന വ്യക്തമാക്കി ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. 

''ഇരുനൂറോളം രാജ്യങ്ങളില്‍നിന്നുള്ള അത്​ലറ്റുകളും ഒഫീഷ്യല്‍സുമാണ് ജപ്പാനിലെത്തുക. ജനിതകമാറ്റംവന്ന കൊറോണ വൈറസിന്റെ നാനാവിധ വകഭേദങ്ങള്‍ ഇവിടെ സംഗമിക്കും. വൈറസിന്റെ ഒളിമ്പിക് വകഭേദത്തിലേക്ക് അത് നയിച്ചേക്കാം. ഈ അപകടം ക്ഷണിച്ചുവരുത്തിയതിന് നൂറുകൊല്ലം വിമര്‍ശനം നേരിടേണ്ടിവരും'' - ജപ്പാന്‍ ഡോക്ടേഴ്സ് യൂണിയന്‍ മേധാവി നവോട്ടോ ഉയാമ അഭിപ്രായപ്പെട്ടു.

Content Highlights: US health experts say Tokyo Olympics plans not informed by best scientific evidence