Photo: twitter.com
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പ്രൊഫഷണല്‍ ഖൊ ഖൊ ടൂര്‍ണമെന്റായ അള്‍ട്ടിമേറ്റ് ഖൊ ഖൊയിലെ മുംബൈ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും ഡെവലപ്പറുമായ പുനിത് ബാലനും പ്രശസ്ത ഗായകന് ബാദ്ഷായും സ്വന്തമാക്കി. മുംബൈ ആസ്ഥാനമായുള്ള ടീം ഈ വര്‍ഷാവസാനം ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള ലൈനപ്പ് പൂര്‍ത്തിയാക്കി.
അള്‍ട്ടിമേറ്റ് ഖൊ ഖൊ കായിക രംഗത്ത് വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്നും ടൂര്‍ണമെന്റിലൂടെ സൂപ്പര്‍താരങ്ങളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും സാധിക്കുമെന്നും ബാദ്ഷ അഭിപ്രായപ്പെട്ടു. തന്റെ അമ്മ കോളേജ് പഠനകാലത്ത് ഖൊ ഖൊ താരമായിരുന്നെന്നും കളിയോടുള്ള വ്യക്തിപരവും ഗൃഹാതുരവുമായ ഈ ബന്ധമാണ് തന്നെ അള്‍ട്ടിമേറ്റ് ഖൊ ഖൊയുടെ ഭാഗമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മികച്ച സാഹചര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും പരിശീലനവും പോഷകാഹാരവും ഉറപ്പാക്കി മികച്ച കളിക്കാരെ വളര്‍ത്തിയെടുക്കുക എന്നതാണ് ലീഗിന്റെ ഭാഗമാകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ടീമിന്റെ സഹ ഉടമയും ബാലന് ഗ്രൂപ്പിന്റെ തലവനും യുവവ്യവസായിയുമായ പുനീത് ബാലന് ബാഡ്മിന്റണ്‍, ടെന്നീസ്, ടേബിള്‍ ടെന്നീസ്, ഹാന്‍ഡ്ബോള്‍ ലീഗ് തുടങ്ങി വിവിധ കായികമേളകളില്‍ ടീമുകളുടെ ഉടമസ്ഥനാണ്. സ്പോര്‍ട്സ് എംപ്ലോയ്മെന്റ് സ്റ്റാര്‍ട്ടപ് രംഗത്ത് അദ്ദേഹം നിരവധി നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ വിവിധ ലീഗുകളുടെ ഭാഗമായതിലൂടെ കായികവികസനത്തില്‍ തന്റേതായ പങ്കുവഹിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അള്‍ട്ടിമേറ്റ് ഖൊ ഖൊയ്ക്കൊപ്പം, ഖൊ ഖൊയുടെ വിജയത്തിലേക്കുള്ള യാത്രയില്‍ ഒരു പങ്ക് വഹിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പുനീത് ബാലന് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..