തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായി ഒരുക്കിയ സ്വീകരണ ചടങ്ങിനായി കേരളത്തിലെത്തിയ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധു തന്റെ ഭാവി പ്രതീക്ഷകളെ കുറിച്ച് മനസ് തുറന്നു.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ സിന്ധു കേരളത്തിന്റെ സ്‌നേഹാദരങ്ങളേറ്റുവാങ്ങാന്‍ ചൊവ്വാഴ്ച രാത്രിയാണ് കേരളത്തിലെത്തിയത്. ബുധനാഴ്ച്ച രാവിലെ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ സിന്ധു വഴുതക്കാട് എം.പി അപ്പന്‍ റോഡിലെ കേരള ഒളിമ്പിക് അസോസിയേഷന്റെ ആസ്ഥാന മന്ദിരമായ 'ഒളിമ്പിക് ഭവന്‍' സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് തന്റെ ഭാവി പ്രതീക്ഷകളെ കുറിച്ച് സംസാരിച്ചത്.
ഇപ്പോള്‍ തന്റെ എല്ലാ ശ്രദ്ധയും വരുന്ന ടോക്കിയോ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിലാണെന്ന് സിന്ധു പറഞ്ഞു.
''ഇപ്പോള്‍ എന്റെ ശ്രദ്ധമുഴുവന്‍ 2020 ഒളിമ്പിക്‌സിലാണ്. കഠിനപ്രയത്‌നം ചെയ്ത് ടോക്കിയോയില്‍ എന്റെ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം. സ്വര്‍ണ മെഡല്‍ തന്നെയാണ് എന്റെ ആത്യന്തിക ലക്ഷ്യം. അതൊട്ടും എളുപ്പമാകില്ലെന്ന് എനിക്കറിയാം, അതിനാല്‍ തന്നെ എനിക്ക് നന്നായി കഠിനാധ്വാനം ചെയ്യണം'', ചടങ്ങിനിടെ സിന്ധു പറഞ്ഞു.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ജപ്പാന്‍ താരം നൊസോമി ഒക്കുഹാരയെ തോല്‍പ്പിച്ചാണ് സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയത്.
ചൊവ്വാഴ്ച രാത്രി തിരുവനന്തപുരം വിമാനതാവളത്തില്‍ എത്തിയ സിന്ധുവിനെ കേരള ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികളും കായിക താരങ്ങളും ചേര്‍ന്നാണ് സ്വീകരിച്ചത്.
Content Highlights: Ultimate aim is to win gold at Tokyo Olympics PV Sindhu