ചിക്കമംഗളൂരു: രണ്ടാഴ്ചയ്ക്കിടെ കോവിഡ് മൂലം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂര്‍ത്തിക്ക് നഷ്ടമായത് അമ്മയുടെയും സഹോദരിയുടെയും ജീവന്‍.

ബുധനാഴ്ചയാണ് വേദയുടെ സഹോദരി വത്സല ശിവകുമാര്‍ (45) കോവിഡ് മൂലമുള്ള സങ്കീര്‍ണതകളെ തുടര്‍ന്ന് മരിച്ചത്. ചിക്കമംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വേദയുടെ മുന്‍ പരിശീലകനായ ഇര്‍ഫാന്‍ സെയ്താണ് മരണ വിവരം പുറത്തുവിട്ടത്. 

ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്ന വത്സല ശിവകുമാറിനെ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പക്ഷേ മണിക്കൂറുകള്‍ക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു.

ഏപ്രില്‍ 24-ാം തീയതിയാണ് വേദയുടെ അമ്മ കോവിഡ് ബാധിച്ച് മരിച്ചത്. ഇതിനു പിന്നാലെ സഹോദരിക്കും കോവിഡ് ബാധിച്ചുവെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും വേദ സോഷ്യല്‍ മീഡിയയില്‍ അഭ്യര്‍ഥിച്ചിരുന്നു.

തന്റെ അമ്മയുടെ നിര്യാണത്തില്‍ അനുശോചിക്കുകയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചുള്ള ട്വീറ്റിലാണ് വേദ സഹോദരിക്ക് കോവിഡ് ബാധിച്ച കാര്യം വ്യക്തമാക്കിയത്.

Content Highlights: Two weeks after mother s death Veda Krishnamurthy loses sister to Covid