ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ രണ്ടു താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യാഴാഴ്ച അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍ രോഗബാധിതരായ താരങ്ങളുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.

രാജ്യത്തെ മികച്ച 30 കളിക്കാരെ ഉള്‍പ്പെടുത്തി നടത്തുന്ന ഒരു ക്യാമ്പിനിടെയാണ് രണ്ടു താരങ്ങളുടെ കോവിഡ്-19 പരിശോധനാ ഫലം പോസിറ്റീവായത്. 

ക്രുഗെര്‍ നാഷണല്‍ പാര്‍ക്ക് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് ക്യാമ്പ്. അഞ്ചു ദിവസത്തെ ക്യാമ്പ് ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. ഇവിടെയെത്തിയ കളിക്കാര്‍ക്കും സ്റ്റാഫിനുമായി 50 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്.

പരിശോധനയില്‍ പോസിറ്റീവായ താരങ്ങളെ ഐസൊലേഷനില്‍ പാര്‍പ്പിച്ചതായി ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. മുന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം കാരണം ക്യാമ്പില്‍ ഇല്ല.

Content Highlights: two South Africa cricket players test positive for COVID-19