ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ നടന്ന ഇന്ത്യ - ബംഗ്ലാദേശ് ആദ്യ ട്വന്റി 20 മത്സരത്തിനിടെ രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ ഛര്‍ദിച്ചതായി റിപ്പോര്‍ട്ട്.

മത്സരത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട സൗമ്യ സര്‍ക്കാരും മറ്റൊരു താരവുമാണ് ഛര്‍ദിച്ചതെന്ന് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഡല്‍ഹിയിലെത്തിയതുമുതല്‍ മോശം അന്തരീക്ഷ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ടീം അംഗങ്ങള്‍ കഷ്ടപ്പെടുകയായിരുന്നുവെന്ന് ബംഗ്ലാ താരം മുഷ്ഫിഖുര്‍ റഹീം മത്സര ശേഷം പറഞ്ഞിരുന്നു.

വായു മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതോടെ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ഡല്‍ഹിയിലും പരിസരപ്രദേശത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

മോശം സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ക്രിക്കറ്റ് കളിക്കുന്നതില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് കോച്ച് റസ്സല്‍ ഡൊമിംഗോ അസംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഈ വിഷയത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലായിരുന്നു മത്സരം. 

മുഖാവരണം ധരിച്ചാണ് ബംഗ്ലാദേശ് താരങ്ങള്‍ പരിശീലനത്തിനിറങ്ങിയിരുന്നത്. വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ വേദി മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും മത്സരം നടത്താനായിരുന്നു ബി.സി.സി.ഐ തീരുമാനം. ഇതിനെതിരേ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരുകയും ചെയ്തിരുന്നു.

Content Highlights: Two Bangladesh players vomited during Delhi T20I against India