ബര്‍സ (തുര്‍ക്കി): അഞ്ചു വയസുകാരനായ മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി തുര്‍ക്കി ഫുട്‌ബോള്‍ താരം സെവ്ഹര്‍ ടോക്ടാസ്. ടോക്ടാസിന്റെ അഞ്ചു വയസുകാരനായ മകന്‍ കാസിമിന്റെ മരണം കോവിഡ് ബാധ മൂലമാണെന്നാണ് എല്ലാവരും കരുതിയിരുന്നത്.

കടുത്ത പനിയും ചുമയും കാരണം ഏപ്രില്‍ 23-നാണ് കാസിമിനെ തുര്‍ക്കിയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ ബര്‍സയിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കോവിഡ് സംശയിച്ച് ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി. മേയ് നാലിനാണ് ടോക്ടാസ് കൊല നടത്തിയത്. അന്ന് കാസിമിന് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് ടോക്ടാസ് ഡോക്ടര്‍മാരെ വിളിച്ചുവരുത്തി. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രണ്ടു മണിക്കൂറിനു ശേഷം മരണം സംഭവിക്കുകയായിരുന്നു.

Turkish Footballer Cevher Toktas Confesses to Killing 5-year-old Son
സെവ്ഹര്‍ ടോക്ടാസിന്റെ മകന്‍ കാസിം

കാസിമിന്റെ പരിശോധനാ ഫലം നെഗറ്റീവായിരുന്നെങ്കിലും മരണത്തില്‍ ആരും തന്നെ സംശയം പ്രകടിപ്പിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് മകന്‍ മരിച്ച് 11-ാം ദിവസം അവനെ കൊന്നതാണെന്ന് ടോക്ടാസ് വെളിപ്പെടുത്തിയിരിക്കുന്നത്. പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് ടോക്ടാസ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 15 മിനിറ്റോളം അമര്‍ത്തി മരണം ഉറപ്പാക്കിയ ശേഷമാണ് ഇയാള്‍ തലയിണ മാറ്റിയത്. മകനെ ഇക്കാലയളവില്‍ ഒരിക്കല്‍പ്പോലും സ്‌നേഹിക്കാനായിട്ടില്ലെന്നതാണ് കൊലപ്പെടുത്താനുള്ള കാരണമായി ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

തുര്‍ക്കിയിലെ ടോപ് ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ ടര്‍ക്കിഷ് സൂപ്പര്‍ ലീഗില്‍ ഹാസെറ്റെപ് എസ്‌കെയുടെ താരമായിരുന്ന ടോക്ടാസ് നിലവില്‍ തുര്‍ക്കിയിലെ പ്രാദേശിക ലീഗില്‍ ബുര്‍സ യില്‍ഡിരിംസ്‌പോറിനു വേണ്ടിയാണ് കളിക്കുന്നത്.

Content Highlights: Turkish Footballer Cevher Toktas Confesses to Killing 5-year-old Son