Photo: twitter.com
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം തുളസിദാസ് ബല്‍റാം (87) അന്തരിച്ചു. 1962 ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലും 1960-ലെ റോം ഒളിമ്പിക്സില്‍ കളിച്ച ദേശീയടീമിലും അംഗമായിരുന്നു. വ്യാഴാഴ്ച കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ഒളിമ്പിക്സില്‍ ഹംഗറി, ഫ്രാന്‍സ്, പെറു എന്നിവരുള്‍പ്പെട്ട മരണഗ്രൂപ്പിലായിരുന്നു ഇന്ത്യ. ഹംഗറിക്കെതിരായ മത്സരത്തില്‍ തുളസിദാസ് ഗോളും നേടി. ഇന്ത്യക്കുവേണ്ടി 27 മത്സരങ്ങളില്‍ പത്തുഗോളുകള്‍ സ്‌കോര്‍ ചെയ്തു. ഈസ്റ്റ് ബംഗാളിന്റെ ജേഴ്സിയിലും തിളങ്ങിയിട്ടുണ്ട്.
1962-ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ച തുളസിദാസ്, ബംഗാളിനൊപ്പം മൂന്നുവട്ടവും ഹൈദരാബാദിനൊപ്പം ഒരുവട്ടവും സന്തോഷ് ട്രോഫി നേടി. ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണകാലഘട്ടമായ 1950-60 വര്‍ഷങ്ങളില്‍ മുന്‍ ഇതിഹാസങ്ങളായ ചുനി ഗോസ്വാമി, പി.കെ. ബാനര്‍ജി എന്നിവരോടൊപ്പമാണ് തുളസിദാസ് കളിച്ചിരുന്നത്.
ഇന്ത്യന്‍ ഫുട്ബാളിന്റെ സുവര്‍ണകാലമായ 1950-കളിലും 1960-കളിലും ദേശീയ ടീമിലെ നിര്‍ണായക സാന്നിധ്യമായി നിറഞ്ഞുനിന്ന മുന്നേറ്റ നിരക്കാരനായിരുന്നു അദ്ദേഹം. തുളസിദാസ് ബലരാമന്‍ എന്ന പേര് പിന്നീട് തുളസിദാസ് ബല്‍റാം എന്ന് ചുരുക്കുകയായിരുന്നു. 1954-ല്‍ ആര്‍മി കോംബാറ്റ് ഫോഴ്‌സ് ടീമിലൂടെയാണ് കരിയര്‍ തുടങ്ങിയത്. പിന്നീട് ഹൈദരാബാദ് റൈഡേഴ്‌സ് ക്ലബ്, ഹൈദരാബാദ് സിറ്റി പൊലീസ് ടീമുകളില്‍ കളിച്ചു. 1956-57 സന്തോഷ് ട്രോഫിയില്‍ ഹൈദരാബാദിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ബംഗാളിനായി മൂന്ന് തവണ സന്തോഷ് ട്രോഫിയില്‍ കളിച്ചു. പ്രൊഫഷണല്‍ കരിയറില്‍ ഏറെക്കാലം ഈസ്റ്റ് ബംഗാളിനായാണ് കളിച്ചത്. 1963-ല്‍ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് ഈസ്റ്റ് ബംഗാളുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഈ വര്‍ഷം തന്നെ 27-ാം വയസില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം കരിയര്‍ അവസാനിപ്പിക്കേണ്ടിവന്നു.
Content Highlights: Tulsidas Balaram legendary Indian footballer passes away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..