ന്യൂഡല്‍ഹി: ടേബിള്‍ ടെന്നീസ് ഫെഡറേഷനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ഇന്ത്യന്‍ താരം മണികാ ബത്ര ഡല്‍ഹി ഹൈക്കോടതിയില്‍. ദോഹയില്‍ ഈ മാസം ആരംഭിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ തന്നെ ഉള്‍പ്പെടുത്താത്തതിനെ ചോദ്യം ചെയ്താണ് മണിക്ക ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ മണിക ദേശീയ ക്യാമ്പില്‍ പങ്കെടുക്കാത്തതാണ് ടീമില്‍ ഉള്‍പ്പെടുത്താത്തിന് കാരണമെന്നാണ് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ നല്‍കുന്ന വിശദീകരണം.

ടോക്യോ ഒളിമ്പിക്‌സ് മുതല്‍ താനുമായി അത്ര നല്ല ബന്ധത്തിലല്ലാത്ത പരീശിലകന്‍ സൗമ്യദീപ് റോയ്‌ക്കെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട് താരം. ഒളിമ്പിക്‌സില്‍ തന്റെ സിംഗിള്‍സ് മത്സരങ്ങളില്‍ കോച്ചിനെ കോര്‍ണറില്‍ ഇരിക്കാന്‍ മണിക അനുവദിച്ചിരുന്നില്ല. മാര്‍ച്ചില്‍ നടന്ന ഒരു മത്സരത്തില്‍ ഒത്തുകളിക്കാന്‍ കോച്ച് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും അങ്ങനെയൊരാള്‍ സൈഡ് ബെഞ്ചില്‍ ഇരിക്കുന്നത് തന്റെ പ്രകടനത്തെ ബാധിക്കുമെന്നും താരം പറഞ്ഞിരുന്നു.

മണികയുടെ ഇഔ പ്രസ്താവനയ്ക്ക് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച ഫെഡറേഷന്‍, താരങ്ങള്‍ ദേശീയ ക്യാമ്പില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. പുണെയില്‍ തന്റെ പേഴ്‌സണല്‍ കോച്ചിനൊപ്പം പരിശീലിക്കുന്നതിനാലാണ് താരം ദേശീയ ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതിന് താരം നല്‍കുന്ന വിശദീകരണം. പരിശീലകനോട് സൈഡ് ബെഞ്ചില്‍ ഇരിക്കേണ്ടെന്ന് ആവശ്യപ്പെട്ടതിലൂടെ കായികയിനത്തെ അപമാനിച്ചുവെന്ന ഫെഡറേഷന്‍ ആരോപണത്തേയും മണിക തള്ളിയിരുന്നു.

Content Highlights:TT star Manika Batra approaches Delhi HC for not being picked in Asian Championship team