തിരുവനന്തപുരം: ഫുട്‌ബോളോ ക്രിക്കറ്റോ എന്ന തര്‍ക്കത്തിന് ഒടുവില്‍ പരിഹാരമാവുന്നു. ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ്ബ് സ്‌റ്റേഡിയം തന്നെ വേദിയാകും. നവംബര്‍ ഒന്നിനാണ് മത്സരം. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് മത്സരം തിരുവനന്തപുരത്ത് തന്നെ നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചതെന്ന് സെക്രട്ടറി ജയേഷ് ജോര്‍ജ് വാര്‍ത്താലേഖകരെ അറിയിച്ചു.

നേരത്തെ തിരുവനപുരത്ത് നടത്താന്‍ നിശ്ചിയിച്ചിരുന്ന മത്സരം പിന്നീട് കെ.സി. എ. കൊച്ചിയിലേയ്ക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ഐ.എസ്.എല്ലിനുവേണ്ടി തയ്യാറാക്കിയ ഗ്രൗണ്ട് ക്രിക്കറ്റ് പിച്ചിനുവേണ്ടി കുത്തിക്കിളയ്‌ക്കേണ്ടിവരും എന്നതിനാല്‍ അതിനെതിരേ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കളിക്കാരും ഫുട്‌ബോള്‍ പ്രേമികളുമെല്ലാം ഇതിനെതിരേ രംഗത്തുവന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. സംസ്ഥാന കായികമന്ത്രി എ.സി. മൊയ്തീന്‍ ജി.സി.ഡി.എ, കെ.സി.എ ഭാരവാഹികളുമായി ചര്‍ച്ച നടത്തി. ഇതിനുശേഷമാണ്‌വേദി തിരുവനന്തപുരത്തേയ്ക്ക് തന്നെ മാറ്റാന്‍ കെ.സി.എ. തീരുമാനിച്ചത്.

വേദിമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ശനിയാഴ്ച ചേരുന്ന കെ.സി.എ.യുടെ ജനറല്‍ ബോര്‍ഡി യോഗത്തില്‍ തീരുമാനിക്കും. തത്കാലം ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് നടക്കട്ടേയെന്നും ഭാവിയില്‍ കൊച്ചിയിലും മത്സരം നടത്തുന്ന കാര്യം പരിഗണിക്കാമെന്നുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞതെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു.

കൊച്ചി വേദി ക്രിക്കറ്റിന് സ്ഥിരമായി നഷ്ടപ്പെടുമോ എന്നായിരുന്നു കെ.സി. എയുടെ ആശങ്കയെന്നും ജയേഷ് പറഞ്ഞു. മത്സരം നടത്താന്‍ കെ.സി. എയ്ക്ക് കൂടുതല്‍ ചെലവ് വരുന്നത് തിരുവനന്തപുരത്താണ്. കൊച്ചിയില്‍ മത്സരം നടത്തിയാല്‍ കൂടുതല്‍ വരുമാനം ലഭിക്കുമെന്നില്ല. ലാഭം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയല്ല ക്രിക്കറ്റ് അസോസിയേഷന്‍. തിരുവനന്തപുരം സ്‌റ്റേഡിയത്തിലെ ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. അറുപത് കോര്‍പ്പറേറ്റ് ബോക്സുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ടിട്വന്റിക്കും ഏകദിനത്തിനും വ്യത്യസ്ത സൗകര്യങ്ങളാണ് വേണ്ടത്. അതുകൊണ്ട് ഒരു ഏകദിന മത്സരത്തിന് വേദിയൊരുക്കാന്‍ കൂടുതല്‍ പണം ചെലവിടേണ്ടതുണ്ട്.

രണ്ട് സ്‌റ്റേഡിയങ്ങളിലും നാല്‍പതിനായിരം പേരെ വീതമാണ് ഉള്‍ക്കൊള്ളിക്കാനാവുന്നത്. തിരുവനന്തപുരം കേരളത്തിന്റെ തെക്കെ അറ്റത്താണ് എന്നൊരു പ്രശ്‌നമുണ്ട്.

കൊച്ചി സ്‌റ്റേഡിയത്തില്‍ ബര്‍മുഡ ഗ്രാസാണുള്ളതെന്നും അതുകൊണ്ട് അവിടെ ക്രിക്കറ്റും ഫുട്‌ബോളും ഒരുപോലെ നടത്താന്‍ കഴിയുമെന്നുമാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ടൂര്‍ണമെന്റ് ഡയറക്ടറായിരുന്ന ഹാവിയര്‍ സെപ്പി പറഞ്ഞ കാര്യം ജയേഷ് ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ തന്നെ നേരത്തെ ക്രിക്കറ്റും ഫുട്‌ബോളും ഒന്നിച്ച് നടത്തിയിട്ടുണ്ട്. 2014ല്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് കഴിഞ്ഞ് ഇരുപത്തിയൊന്ന് ദിവസം കഴിഞ്ഞപ്പോള്‍ അവിടെ ഫുട്‌ബോള്‍ മത്സരവും നടത്തിയിരുന്നു-ജയേഷ് പറഞ്ഞു.Content Highlights: Trivandrum Greenfield Stadium Will Host India vs West Indies ODI Cricket