ഉദയ്പൂര്‍: ത്രിപുരയുടെ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് താരം അയാന്തി റിയാങ്ങിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. വീട്ടിലെ സീലിങ്ങില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ചൊവ്വാഴ്ച രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണത്തെ കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും തന്നെ വന്നിട്ടില്ല.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി  ത്രിപുരയുടെ അണ്ടര്‍ 19 ടീമിലെ സ്ഥിരം സാന്നിധ്യമാണ് 16-കാരിയായ അയാന്തി. ത്രിപുരയ്ക്കായി അണ്ടര്‍ 23 വിഭാഗത്തില്‍ ഒരു ട്വന്റി 20 ടൂര്‍ണമെന്‍രിലും പങ്കെടുത്തിട്ടുണ്ട്.

അയാന്തിയുടെ മരണത്തില്‍ ത്രിപുര ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടിമിര്‍ ചന്ദ അനുശോചിച്ചു. വളര്‍ന്നു വരുന്ന ഒരു പ്രതിഭയെയാണ് സംസ്ഥാനത്തിന് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. താരത്തിന്റെ മരണ വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ താരത്തെ അലട്ടിയിരുന്നതായി അറിയില്ലെന്നും ടിമിര്‍ ചന്ദ പറഞ്ഞു. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് അയാന്തി കാഴ്ചവെച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: Tripura U-19 women’s cricket team player has been found dead at her residence