ലണ്ടന്‍: പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടന്‍ഹാം ഹോട്ട്‌സ്പറിന്റെ ഇംഗ്ലീഷ് താരം ഡെലെ അലിയുടെ വീട്ടില്‍ കവര്‍ച്ച. വീട്ടില്‍ അതിക്രമിച്ചു കടന്ന കണ്ടുപേര്‍ അലിയേയും സഹോദരന്‍ ഹാരി ഡിക്ക്‌ഫോര്‍ഡിനേയും കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്.

1,00000 പൗണ്ട് (ഏകദേശം 10 ലക്ഷം രൂപ) വിലമതിക്കുന്ന ആഭരണങ്ങളും വാച്ചുകളുമാണ് കൊള്ളയടിക്കപ്പെട്ടത്.

താരത്തിനും സഹോദരനും മുഖത്ത് നിസാര പരിക്കുണ്ട്. നോര്‍ത്ത് ലണ്ടനിലെ ബാര്‍നെറ്റിലെ വീട്ടില്‍ ബുധനാഴ്ചയായിരുന്നു സംഭവം. സംഭവസമയത്ത് ഇരുവരുടെയും കാമുകിമാരും വീട്ടിലുണ്ടായിരുന്നു.

താരത്തിന്റെ വീട്ടില്‍ കടന്ന രണ്ടുപേര്‍ ആഭരണങ്ങളും വാച്ചുകളും മറ്റും കൊള്ളയടിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു.

പേടിപ്പെടുത്തുന്ന അനുഭവമായിരുന്നുവെന്നും ഞങ്ങളെല്ലാം കുഴപ്പമില്ലാതെ ഇരിക്കുന്നുവെന്നും അലി ട്വീറ്റ് ചെയ്തു.

Tottenham star Dele Alli robbed at knifepoint at home suffer minor injuries

താരത്തിന് എല്ലാ പിന്തുണയും അറിയിച്ച ടോട്ടനം ക്ലബ്ബ് പോലീസിന്റെ അന്വേഷണത്തില്‍ സഹായിക്കുന്ന എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നും വ്യക്തമാക്കി.

ദിവസങ്ങള്‍ക്കു മുമ്പ് ചെല്‍സി മാനേജര്‍ ഫ്രാങ്ക് ലാംപാര്‍ഡിന്റെയും അന്തരിച്ച ലെസ്റ്റര്‍ സിറ്റി ഉടമ വിചായ് ശ്രീവദ്ധനപ്രഭയുടെയും വീടുകളും കൊള്ളയടിക്കപ്പെട്ടിരുന്നു. ശതകോടീശ്വരനായ ശ്രീവദ്ധനപ്രഭയുടെ മരണത്തിനു ശേഷം സ്മാരകമായി സൂക്ഷിക്കുന്ന വീട്ടില്‍ കടന്ന മോഷ്ടാക്കള്‍ ഒരു ദശലക്ഷം യൂറോയിലധികം വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷ്ടിച്ചത്.

ചെല്‍സിക്ക് സമീപമുള്ള ലാംപാര്‍ഡിന്റെ വീട്ടില്‍ കടന്ന മോഷ്ടാക്കള്‍ അദ്ദേഹത്തിന്റെയും ഭാര്യ ക്രിസ്റ്റീനെയുടെയും 60,000 യൂറോ വിലവരുന്ന ആഭരണങ്ങളും വാച്ചുകളും മോഷ്ടിച്ചു.

Content Highlights: Tottenham star Dele Alli robbed at knifepoint at home suffer minor injuries