കോഴിക്കോട്: അഖിലേന്ത്യാ അത്‌ലറ്റിക് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറിയും ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ.ടോണി ഡാനിയല്‍ അന്തരിച്ചു. 64 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിലെ കായിക അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. വകുപ്പ് തലവനായി വിരമിച്ച ശേഷം ഫിസിക്കല്‍ എജ്യുക്കേഷനില്‍ ഡോക്ടറേറ്റ് നേടി. ഇന്ത്യയിലെ രണ്ടു രാജ്യാന്തര അത്‌ലറ്റിക്‌സ് ടെക്‌നിക്കല്‍ ഒഫീഷ്യല്‍സില്‍ ഒരാളായിരുന്ന അദ്ദേഹം ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് ഉള്‍പ്പെടെയുള്ള രാജ്യാന്തര മത്സരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു.
ദീര്‍ഘകാലമായി കേരള അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹിയായിരുന്ന ടോണി ഡാനിയല്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചുണ്ട്. മുന്‍ കായിക താരം കൂടിയായിരുന്ന ടോണി ഡാനിയല്‍ കേരളത്തിന് വേണ്ടി ദേശീയ മീറ്റുകളില്‍ പങ്കെടുത്തു. സംസ്‌കാരം പിന്നീട് നടക്കും.
Content Highlights: Tony Daniel AFI Technical Committee Chairman Passed Away