ടോക്യോ: പാരാലിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യന്‍ താരം ഹര്‍വിന്ദര്‍ സിങ്ങിന് വെങ്കലം. ഇതോടെ ടോക്യോ പാരിലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 13 ആയി. പാരാലിമ്പിക്‌സ് അമ്പെയ്ത്തിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. 

അമ്പെയ്ത്തില്‍ പുരുഷന്‍മാരുടെ വ്യക്തിഗത റികര്‍വ് ഓപ്പണ്‍ വിഭാഗത്തിലാണ് ഹര്‍വിന്ദറിന്റെ മെഡല്‍ നേട്ടം. ഷൂട്ടോഫിലേക്ക് നീണ്ട മത്സരത്തില്‍ ദക്ഷിണ കൊറിയയുടെ കിം മിന്‍ സുവിനെയാണ് താരം തോല്‍പ്പിച്ചത്. 

വെള്ളിയാഴ്ച പുരുഷന്മാരുടെ ഹൈജമ്പില്‍ വെള്ളി നേടിയ പ്രവീണ്‍ കുമാര്‍, വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ്.എച്ച് വണ്‍ വിഭാഗത്തില്‍ വെങ്കലം നേടിയ അവനി ലേഖറ എന്നിവര്‍ക്കു ശേഷമുള്ള ഇന്ത്യയുടെ മൂന്നാം മെഡലാണിത്.

നിലവില്‍ രണ്ടു സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 13 മെഡലുകളുമായി 37-ാം സ്ഥാനത്താണ് ഇന്ത്യ.

Content Highlights: Tokyo Paralympics Harvinder Singh bags archery bronze