ത്തര കൊറിയയില്‍ അംഗപരിമിതരെ സൈന്യം കൊന്നുകളയുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, വിശാലലോകത്തിന്റെ ചിന്താഗതി അതല്ല. വൈകല്യങ്ങളുള്ളവരെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ലോകവേദിയില്‍ എത്തിക്കുന്നു. അതാണ് പാരാലിമ്പിക്സ്. ഒളിമ്പിക്‌സില്‍ എന്നപോലെത്തന്നെ, വിജയികള്‍ മെഡല്‍ സ്വീകരിക്കുമ്പോള്‍ ദേശീയഗാനം മുഴങ്ങുന്നു. വീണ്ടുമൊരു പാരാലിമ്പിക്‌സിന് 24-ന് ടോക്യോയില്‍ തുടക്കം

വീണുപോകാതെ അനസ്താസിയ

പതിനൊന്നാം വയസ്സിലാണ് അനസ്താസിയയുടെ കണ്ണുകളില്‍ ഇരുട്ട് വീണുതുടങ്ങിയത്. പതിന്നാലാം വയസ്സില്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. അതോടെ ആ കൗമാരക്കാരി തകര്‍ന്നു. വിഷാദവും മറ്റ് മാനസിക അസ്വാസ്ഥ്യങ്ങളും പിടികൂടി. പിന്നീടവള്‍ നീന്തല്‍ക്കുളത്തിലേക്കിറങ്ങി. അതൊരാശ്വാസമായിരുന്നു. ഇന്ന് അനസ്താസിയ പഗോണിസ് എന്ന അമേരിക്കന്‍ പെണ്‍കുട്ടി പാരാലിമ്പിക്‌സ് 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ ലോകറെക്കോഡുകാരിയാണ്. ടോക്യോയില്‍ ഈ പതിനേഴുകാരിയും മത്സരിക്കും.

കൈകാലുകളില്ലാത്തവര്‍, കണ്ണുകാണാത്തവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, അപകടത്തെത്തുടര്‍ന്നും മറ്റും വീല്‍ച്ചെയറിലേക്ക് ജീവിതം ചുരുങ്ങിയവര്‍... ഇവര്‍ പലരീതിയില്‍ അതിജീവനത്തിന്റെ വഴികള്‍ തേടുന്നു. അതിലൊന്നാണ് സ്‌പോര്‍ട്സ്. ജര്‍മന്‍ അമേരിക്കന്‍ ജിംനാസ്റ്റായ ജോര്‍ജ് ഐസര്‍ 1904 ഒളിമ്പിക്‌സില്‍ മത്സരിച്ചിരുന്നു. ഒരു കാല്‍ മുറിച്ചുമാറ്റപ്പെട്ടയാളായിരുന്നു അദ്ദേഹം. വലതുകൈയില്ലാത്ത, ഹംഗറിയുടെ കരോളി ടകാക്‌സ് 1948, 1952 ഒളിമ്പിക്‌സുകളില്‍ മത്സരിച്ചു.

പോളിയോ ബാധിച്ച ഡെന്‍മാര്‍ക്ക് താരം ലിസ് ഹാര്‍ട്ടെല്‍ അശ്വാഭ്യാസത്തില്‍ ഒളിമ്പിക് വെള്ളിമെഡല്‍ നേടി. പൂര്‍ണതയുള്ള മനുഷ്യരോട് മത്സരിക്കാന്‍ തങ്ങള്‍ക്ക് കെല്‍പ്പുണ്ടെന്ന് ഇവര്‍ തെളിയിക്കുകയായിരുന്നു.

പില്‍ക്കാലത്താണ് അംഗവൈകല്യമുള്ളവര്‍ക്കും മാനസികവൈകല്യമുള്ളവര്‍ക്കുമായ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പാരാലിമ്പിക്‌സ് തുടങ്ങുന്നത്. ഒളിമ്പിക്‌സിന് തൊട്ടുപിന്നാലെ അതേ നഗരത്തില്‍ തന്നെയാണ് ഇത് നടത്തുക. ശൈത്യകാല ഒളിമ്പിക്‌സിന് ഒപ്പവും പാരാലിമ്പിക്‌സുണ്ട്. 1960 റോം പാരാലിമ്പിക്‌സില്‍ 23 രാജ്യങ്ങളിലെ 400 അത്ലറ്റുകളാണ് പങ്കെടുത്തത്. ഇക്കുറി ടോക്യോയില്‍ 135 രാജ്യങ്ങളില്‍ നിന്നുള്ള 4400 അത്ലറ്റുകളെത്തും.

63-ാം വയസ്സില്‍ ഹെയ്ന്‍സ്

ടോക്യോയില്‍ ഒരപൂര്‍വ കാഴ്ച കാണാം. 63 വയസ്സുള്ള സ്വിറ്റ്സര്‍ലന്‍ഡിന്റെ ഹെയ്ന്‍സ് ഫ്രീ അത്ലറ്റിക്‌സിലും സൈക്ലിങ്ങിലും മത്സരിക്കാനുണ്ടാവും. 1978-ലുണ്ടായ ഒരു വീഴ്ചയെ തുടര്‍ന്ന് വീല്‍ച്ചെയറിലാണ് ഫ്രീയുടെ ജീവിതം. 1984 മുതലുള്ള പാരാലിമ്പിക്‌സുകളില്‍ അദ്ദേഹം മത്സരിക്കുന്നു. കഴിഞ്ഞ റിയോ ഗെയിംസിലും പങ്കെടുത്തു. ഇതുവരെ നേടിയത് 15 സ്വര്‍ണമടക്കം 34 മെഡലുകള്‍.

55 മെഡല്‍, 41 സ്വര്‍ണം

പാരാലിമ്പിക്‌സില്‍ അമ്പരപ്പിക്കുന്ന മെഡല്‍വേട്ട നടത്തിയവരുണ്ട്. നീന്തലില്‍ അമേരിക്കയുടെ ട്രിഷ സോണ്‍ വാരിക്കൂട്ടിയത് 55 വ്യക്തിഗതമെഡലുകളാണ്. അതില്‍ 41-ഉം സ്വര്‍ണമായിരുന്നു. ജന്‍മനാ അന്ധയാണ് അവര്‍. സെറിബ്രല്‍ പാള്‍സി ബാധിച്ച, ഫ്രാന്‍സിന്റെ നീന്തല്‍താരം ബിയാട്രിസ് ഹെസ് നീന്തലില്‍ 20 സ്വര്‍ണമടക്കം 25 മെഡലുകള്‍ സ്വന്തമാക്കി.

പാക് വെടിയുണ്ടകളെ അതിജീവിച്ച് പെറ്റ്കര്‍

ഇന്ത്യന്‍ സൈന്യത്തിലായിരുന്നു മുര്‍ളികാന്ത് പെറ്റ്കര്‍. 1965-ല്‍ പാകിസ്താനെതിരായ യുദ്ധത്തില്‍ അദ്ദേഹത്തിന് ഒട്ടേറെ വെടിയുണ്ടകളേറ്റു. കഷ്ടിച്ച് ജീവന്‍ തിരിച്ചുകിട്ടി. നേരത്തേ ബോക്‌സറായിരുന്ന പെറ്റ്കര്‍ക്ക് ഈ സംഭവത്തോടെ അതുപേക്ഷിക്കേണ്ടിവന്നു. പിന്നീട് കഠിനവേദനകള്‍ സഹിച്ച് നീന്തല്‍ പരിശീലനം തുടങ്ങി. അങ്ങനെ 1972 പാരാലിമ്പിക്‌സില്‍ പങ്കെടുത്തു. 50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ ലോകറെക്കോഡോടെ സ്വര്‍ണം. പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമായിരുന്നു അത്.

പാരാലിമ്പിക്‌സില്‍ ഇതുവരെ ഇന്ത്യ നേടിയത് നാല് സ്വര്‍ണമടക്കം 12 മെഡലുകളാണ്. 1968 മുതല്‍ ഇന്ത്യ പങ്കെടുക്കുന്നു. ഒമ്പത് ഇനങ്ങളിലായി 54 അംഗ ഇന്ത്യന്‍ സംഘമാണ് ഇക്കുറി ടോക്യോയില്‍ മത്സരിക്കുക.

Content Highlights: Tokyo Paralympic Games open on Tuesday