രോഹൻ ബൊപ്പണ്ണയും സാനിയ മിർസയും | Photo: twitter |AITA
ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്സിനായി ടെന്നീസ് ടീമിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. ഒളിമ്പിക്സ് ടെന്നീസ് ഡബിള്‍സില്‍ തനിക്ക് കളിക്കാന്‍ അവസരം ലഭിക്കുമെന്ന് പ്രഖ്യാപിച്ച് ഓള് ഇന്ത്യാ ടെന്നീസ് അസോസിയേഷന് തന്നേയും രാജ്യത്തേയും കബളിപ്പിക്കുകയായിരുന്നെന്ന് രോഹന് ബൊപ്പണ്ണ തുറന്നടിച്ചു. മികസഡ് ഡബിള്‍സില്‍ ബൊപ്പണ്ണയുടെ പങ്കാളി കൂടിയായ സാനിയ മിര്‍സ കൂടി രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു.
ഒളിമ്പിക്സില്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യത്തിന്റെ പേരാണ് അസോസിയേഷന് ആദ്യം നല്‍കിയിരുന്നത്. എന്നാല്‍ ഇരുവര്‍ക്കും ഡബിള്‍സ് യോഗ്യത ലഭിക്കില്ലെന്ന് ഉറപ്പായതോടെ ബൊപ്പണ്ണയെയും സിംഗിള്‍സ് യോഗ്യത നേടിയ സുമിത് നാഗലിനേയും ഡബിള്‍സില്‍ മത്സരിപ്പിക്കാന്‍ ഇന്ത്യന്‍ അസോസിയേഷന് രാജ്യാന്തര ഫെഡറേഷന് ശുപാര്‍ശ നല്‍കുകയായിരുന്നു. എന്നാല്‍ നിശ്ചിത തീയതിക്കു ശേഷമുള്ള ശുപാര്‍ശ ഫെഡറേഷന് തള്ളി.
ഇതോടെ ബൊപ്പണ്ണ അസോസിയേഷനെതിരെ രംഗത്തെത്തുകയായിരുന്നു. 'നോമിനേഷന് സമര്‍പ്പിക്കേണ്ട അവസാന തിയ്യതിക്ക് ശേഷം പരിക്കോ അസുഖമോ ഇല്ലാതെ ഒരു മാറ്റവും അനുവദിക്കില്ലെന്ന് രാജ്യാന്തര ടെന്നീസ് ഫെഡറേഷന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഫെഡറേഷന് എനിക്കും നാഗലിനും വേണ്ടിയുള്ള ശുപാര്‍ശ സ്വീകരിച്ചിരുന്നില്ല. എന്നിട്ടും ഞങ്ങള്‍ക്ക് അവസരമുണ്ടെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ടെന്നീസ് അസോസിയേഷന് താരങ്ങളേയും സര്‍ക്കാരിനേയും മാധ്യമങ്ങളേയും വഞ്ചിക്കുകയായിരുന്നു.' ബൊപ്പണ്ണ ട്വീറ്റില്‍ വ്യക്തമാക്കുന്നു.
ഇതിന് പിന്നാലെ ബൊപ്പണ്ണയ്ക്ക് പിന്തുണയുമായി സാനിയ മിര്‍സ രംഗത്തെത്തി. 'ഇത് സത്യമാണെങ്കില്‍ വിഡ്ഢിത്തവും ലജ്ജാവഹവുമാണ്. മുമ്പ് തീരുമാനിച്ചതുപോലെ മികസഡ് ഡബിള്‍സില്‍ ഒരുമിച്ച് മത്സരിക്കാനുള്ള അവസരമാണ് നഷ്ടമായത്. മെഡല്‍ നേടാനുള്ള സുവര്ണാവരസവും ഇതിലൂടെ നഷ്ടമായി. ബൊപ്പണ്ണ- നാഗല്‍ സഖ്യത്തിന്റെ പേരാണ് അവസാന നിമിഷം വരെ അവര്‍ നമ്മളോട് പറഞ്ഞിരുന്നത്.'-സാനിയ ട്വീറ്റില്‍ പറയുന്നു,
എന്നാല്‍ സാനിയയുടേയും ബൊപ്പണ്ണയുടേയും ട്വീറ്റിനെതിരേ ഓള് ഇന്ത്യാ ടെന്നീസ് ഫെഡറേഷന് പരസ്യമായി രംഗത്തെത്തി. ഡബിള്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഏറ്റവും യോഗ്യത രോഹന് ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യത്തിനായിരുന്നെന്നും അവരെ നോമിനേറ്റ് ചെയ്തത് ശരിയായ തീരുമാനമായിരുന്നെന്നും ഓള് ഇന്ത്യാ ടെന്നീസ് ഫെഡറേഷന് വ്യക്തമാക്കുന്നു. എന്നാല്‍ ഐടിഎഫ് ചട്ടപ്രകാരം ഇവര്‍ക്ക് യോഗ്യത നേടാനായില്ല. നേരിട്ട് യോഗ്യത നേടാന്‍ മാത്രം മികച്ച റാങ്കിങ് നമ്മുടെ താരങ്ങള്‍ക്കില്ലായിരുന്നു. ഇതോടെ ഏതുവിധേനയും അവസരമൊരുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ജൂലൈ 16 വരെ സാധ്യതാ പട്ടികയില്‍ അഞ്ചാമതായിരുന്നു രോഹന്-ദിവിജ് സഖ്യം. 16-ന് സുമിത് നാഗല്‍ സിംഗിള്‍സില്‍ യോഗ്യത നേടിയതോടെയാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തി മറ്റൊരു സാധ്യത തെളിഞ്ഞത്. ഇതോടെ ബൊപ്പണ്ണ-നാഗല്‍ സഖ്യത്തിന്റെ പേര് നോമിനേറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ ഇവരുടെ പേര് അംഗീകരിക്കാനാകില്ലെന്ന് രാജ്യാന്തര ടെന്നീസ് ഫെഡറേഷന് അറിയിക്കുകയായിരുന്നു. ഓള് ഇന്ത്യാ ടെന്നീസ് ഫെഡറേഷന് പ്രസ്താവനയില്‍ പറയുന്നു.
Content Highlights: Tokyo Olympics Rohan Bopanna Sania Mirza slam India tennis body over lost medal opportunity
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..