ടോക്യോ: കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റിവെച്ച ടോക്യോ ഒളിമ്പിക്‌സിന് വീണ്ടും കോവിഡ് ഭീഷണി. 

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ഒളിമ്പിക്‌സ് റദ്ദാക്കേണ്ടി വരുമെന്ന് ജപ്പാനില്‍ ഭരണത്തിലിരിക്കുന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്രട്ടറി ജനറല്‍ തോഷിഹിറോ നിക്കായ് പറഞ്ഞു.

2020-ല്‍ നിന്ന് 2021 ജൂലായിലേക്ക് മാറ്റിവെച്ച ഒളിമ്പിക്‌സിന് ഇനി 100 ദിവസത്തില്‍ താഴെ മാത്രം ബാക്കിയുള്ളപ്പോഴാണ് തോഷിഹിറോ നിക്കായിയുടെ പ്രസ്താവന. ടി.ബി.എസ് ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ഒളിമ്പിക്‌സ് റദ്ദാക്കുക എന്ന കാര്യം സര്‍ക്കാന്‍ ഇപ്പോഴും ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു നിക്കായിയുടെ മറുപടി.

ജപ്പാനില്‍ ഉടനീളം കോവിഡ് കേസുകള്‍ വര്‍ധിച്ച് വരികയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഒസാക്കയില്‍ ബുധനാഴ്ച 1,100 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ നീട്ടിവെച്ച ഒളിമ്പിക്‌സ് 2021 ജൂലായ് 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെ നടത്താനായിരുന്നു രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി എക്സിക്യൂട്ടിവ് ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചിരുന്നത്.

Content Highlights: Tokyo Olympics May be Cancelled if Covid-19 Cases Spike