ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗമായ രൂപീന്ദര്‍ പാല്‍ സിങ് രാജ്യാന്തര ഹോക്കിയില്‍ നിന്ന് വിരമിച്ചു. വ്യാഴാഴ്ച്ച രാവിലെ സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 13 വര്‍ഷം നീണ്ട കരിയറില്‍ 223 മത്സരങ്ങള്‍ കളിച്ച താരം ഒന്നാന്തരം ഡ്രാഗ് ഫ്‌ളിക്കറാണ്. 119 ഗോളുകള്‍ അക്കൗണ്ടിലുണ്ട്.

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി മൂന്നു ഗോളുകളും താരം കണ്ടെത്തി. അതില്‍ ജര്‍മനിക്കെതിരായ വെങ്കല മെഡല്‍ മത്സരത്തില്‍ നേടിയ പെനാല്‍റ്റി ഗോള്‍ നിര്‍ണായകമായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിലും രൂപീന്ദര്‍ അംഗമായിരുന്നു

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഡിസംബര്‍ 14 മുതല്‍ 22 വരെ ധാക്കയില്‍ നടക്കുമെന്ന് പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് രൂപീന്ദറിന്റെ വിരമിക്കല്‍. യുവതാരങ്ങള്‍ക്ക് വേണ്ടി വഴിമാറേണ്ട സമയമായതായും 13 വര്‍ഷം താന്‍ ആസ്വദിച്ച ഓരോ നിമിഷവും പ്രതിഭയുള്ള മറ്റു താരങ്ങള്‍ കൂടി അറിയേണ്ടതാണെന്നും വിരമിക്കല്‍ പ്രഖ്യാപിച്ച്‌കൊണ്ട് എഴുതിയ കുറിപ്പില്‍ രൂപീന്ദര്‍ പറയുന്നു. 

Content Highlights: Tokyo Olympics bronze medal winning India hockey star Rupinder Pal Singh retires