ടോക്യോ: കൊറോണയുടെ പശ്ചാത്തലത്തില്‍ നീട്ടിവെച്ച ഒളിമ്പിക്‌സ് 2021 ജൂലായ് 23-ന് തുടങ്ങും. ഈ വര്‍ഷം ജൂലായ് 24-ന് തുടങ്ങേണ്ടിയിരുന്ന 32-ാമത് ഒളിമ്പിക് ഗെയിംസാണ് മാറ്റിയത്.

ഇതോടനുബന്ധിച്ചുള്ള പാരലമ്പിക്‌സ് ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെ നടക്കും. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും (ഐ.ഒ.സി.) ജപ്പാന്‍ അധികൃതരും ചര്‍ച്ചനടത്തിയശേഷം തിങ്കളാഴ്ചയാണ് തീയതി പ്രഖ്യാപിച്ചത്.

പുതിയ തീയതി ഇത്രപെട്ടെന്ന് പ്രഖ്യാപിക്കുമെന്ന് കരുതിയതല്ല. ഒരാഴ്ചയ്ക്കുശേഷം തീരുമാനമെടുക്കുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. തീരുമാനം വന്നതോടെ താരങ്ങള്‍ക്കും സംഘാടകര്‍ക്കും ആശ്വാസമായി. ജൂലായില്‍ത്തന്നെ നിശ്ചയിച്ചതോടെ കാലാവസ്ഥയിലും മറ്റും വലിയ വ്യത്യാസമുണ്ടാകില്ല. ആധുനിക ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മത്സരം നീട്ടിവെക്കുന്നത്. ലോകയുദ്ധങ്ങള്‍ കാരണം നേരത്തേ മൂന്നുവട്ടം മത്സരം ഉപേക്ഷിച്ചിരുന്നു. ചൂട് കൂടുമെന്ന ആശങ്കകാരണം, മാരത്തണ്‍ മത്സരം ടോക്യോയില്‍നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള സപ്പോരോ നഗരത്തിലേക്ക് മാറ്റി.

ആശയക്കുഴപ്പം തീരുന്നില്ല

കൊറോണ വൈറസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഒളിമ്പിക്‌സ് ഉപേക്ഷിച്ചപ്പോള്‍ സംഘാടകസമിതിക്ക് ഉണ്ടാകുന്ന നഷ്ടം ചെറുതല്ല. ഏഴുവര്‍ഷത്തെ ശ്രമത്തിലൂടെയാണ് ഒളിമ്പിക്‌സിനു വേണ്ടി ടോക്യോ നഗരത്തെ ഒരുക്കുന്നത്. ഇത് ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് നീട്ടിവെക്കേണ്ട സാഹചര്യമുണ്ടായത്. നേരത്തേ ബുക്കുചെയ്ത ഹോട്ടല്‍ റൂമുകളും യാത്രാ ടിക്കറ്റുകളും മറ്റ് ഗതാഗതസൗകര്യങ്ങളും ഉപേക്ഷിക്കേണ്ടിവരും. ടിക്കറ്റുകള്‍ ബുക്കുചെയ്തവര്‍ക്ക് അതിന്റെ തുക തിരികെക്കിട്ടുമോ എന്ന് ഉറപ്പില്ല.

ഒളിമ്പിക് വില്ലേജ്, മത്സരശേഷം ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് ആക്കാനായിരുന്നു പദ്ധതി. അതനുസരിച്ച് ആവശ്യക്കാരെ കണ്ടെത്തിയിരുന്നു. ഇതും അനിശ്ചിതാവസ്ഥയിലായി.

2011-ല്‍ ഭൂകമ്പം ജപ്പാനില്‍ കനത്ത നാശം വിതച്ചിരുന്നു. ഇതില്‍നിന്നുള്ള തിരിച്ചുവരവിന്റെ പ്രതീകം എന്നനിലയ്ക്കുകൂടിയാണ് ജപ്പാന്‍ സര്‍ക്കാര്‍ ഒളിമ്പിക്‌സിനെ കണ്ടത്. അതിനിടെ മറ്റൊരു ദുരന്തം ആസൂത്രണത്തെ താളംതെറ്റിച്ചു. എങ്കിലും 2021 ഒളിമ്പിക്‌സ് പ്രകൃതിദുരന്തങ്ങള്‍ക്കുമേല്‍ മനുഷ്യരാശിയുടെ വിജയമായി മാറുമെന്ന് സംഘാടകസമിതി അധ്യക്ഷന്‍ യോഷിറോ മോറി പറഞ്ഞു.

ഇന്ത്യ സ്വാഗതം ചെയ്തു

ന്യൂഡല്‍ഹി: ഒളിമ്പിക്സിന്റെ പുതുക്കിയ സമയക്രമത്തെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ.) സ്വാഗതം ചെയ്തു. രാജ്യത്തെ വിവിധ സ്പോര്‍ട്സ് ഫെഡറേഷനുകളും പുതിയ തീയ്യതി സ്വാഗതം ചെയ്യുന്നതായി ഐ.ഒ.എ. സെക്രട്ടറി രാജീവ് മേത്ത പറഞ്ഞു.

ലോക അത്ലറ്റിക് മീറ്റ് നീളും

ഒളിമ്പിക്‌സ് നീട്ടിവെച്ചതോടെ അടുത്ത ലോക അത്ലറ്റിക് മീറ്റും നീളും. 2021-ല്‍ യൂജിനില്‍ നടക്കേണ്ടിയിരുന്ന അത്ലറ്റിക് മീറ്റ് 2022-ലേക്ക് നീട്ടി. ഒളിമ്പിക്‌സിന്റെ വര്‍ഷം മറ്റൊരു ലോക മീറ്റ് നടത്തുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. മറ്റ് രാജ്യാന്തര മീറ്റുകളുടെ സമയക്രമത്തിലും മാറ്റമുണ്ടാകും.

Content Highlights: Tokyo Olympics 2020 to be held from July 23 to August 8 after 1-year delay