വെല്ലിങ്ടൺ: ഐപിഎല്ലിനിടെ കോവിഡ് ബാധിതനായതിനെ കുറിച്ച് സംസാരിക്കവെ കരച്ചിൽ നിയന്ത്രിക്കാനാകാതെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ന്യൂസീലന്റ് താരം ടിം സെയ്ഫേർട്ട്. തന്റെ പരിശോധനാഫലം പോസിറ്റീവ് ആണെന്നറിഞ്ഞപ്പോൾ ഹൃദയം തകർന്നു പോയെന്നും ലോകം നിശ്ചലമായത് പോലെ തോന്നിയെന്നും സെയ്ഫേർട്ട് പറയുന്നു.

'എന്താണ് അടുത്തതായി സംഭവിക്കാൻ പോകുന്നത് എന്ന് എനിക്ക് ചിന്തിക്കാൻ പോലുമായില്ല. അതാണ് ഏറ്റവും ഭയപ്പെടുത്തിയതും. അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങളാണ് അതിന് മുമ്പ് കേട്ടിരുന്നത്. ഓക്സിജൻ ലഭിക്കുന്നില്ല എന്നെല്ലാമുള്ള വാർത്തകൾ ഭയപ്പെടുത്തി. ഞാനും അതെല്ലാം നേരിടേണ്ടി വരും എന്ന് തോന്നി.' നിലവിൽ ഓക്ലന്റിലാണ് സെയ്ഫേർട്ട്. അവിടെ ക്വാറന്റെയ്നിൽ കഴിയുന്ന ഹോട്ടലിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് താരം സംസാരിച്ചത്.

സെയ്ഫേർട്ട് ഉൾപ്പെടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നാല് താരങ്ങൾ കോവിഡ് പോസിറ്റീവ് ആയിരുന്നു. ചെറിയ ലക്ഷണങ്ങൾ മാത്രമേ സെയ്ഫേർട്ടിന് ഉണ്ടായിരുന്നുള്ളൂ. എന്നാൽ സമ്മർദ്ദം താരത്തെ തളർത്തി. വരുൺ ചക്രവർത്തി,. സന്ദീപ് വാര്യർ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച മറ്റു കൊൽക്കത്ത താരങ്ങൾ.

Content Highlights: Tim Seifert narrating covid experience