സിഡ്‌നി: ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ രാജിയിലേക്ക് നയിച്ച വിവാദങ്ങളില്‍ പ്രതികരണവുമായി ടിം പെയ്ന്‍. വിവാദങ്ങള്‍ക്ക് കാരണമായ സന്ദേശങ്ങള്‍ ഒരിക്കലും പുറത്തുവരരുതെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഒരിക്കല്‍ അതെല്ലാം വെളിപ്പെടുമെന്ന് താന്‍ ഭയപ്പെട്ടിരുന്നതായി പെയ്ന്‍ വ്യക്തമാക്കി. 2017-ല്‍ സഹപ്രവര്‍ത്തകയ്ക്ക് അയച്ച പെയ്‌നിന്റെ നഗ്ന ദൃശ്യങ്ങളും അശ്ലീല സന്ദേശങ്ങളും പുറത്തായതോടെയാണ് പെയ്ന്‍ രാജിവയ്‌ക്കേണ്ടി വന്നത്. 

'ആ പ്രശ്‌നം അന്നുതന്നെ പരിഹരിച്ചിരുന്നു. പരസ്പര സമ്മതത്തോടെ നടന്ന ചാറ്റിങ്ങായിരുന്നു അത്. പക്ഷേ ഓരോ ക്രിക്കറ്റ് പരമ്പരയ്ക്ക് മുമ്പും പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ക്കു മുമ്പും ആ വിഷയങ്ങള്‍ ഉയര്‍ന്നുവരും. ഞാന്‍ അയച്ച സന്ദേശങ്ങള്‍ കൈവശമുണ്ടെന്ന് പല മാധ്യമങ്ങളും അവകാശപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. അവ വെളിപ്പെടരുതെന്ന് ഞാന്‍ എത്രത്തോളം തീവ്രതയോടെ ആഗ്രഹിച്ചുവോ അതേ തീവ്രതയോടെ തന്നെ അവ പുറത്തുവരുമെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ അല്ലായിരുന്നെങ്കില്‍ ആ സന്ദേശങ്ങള്‍ ഇത്ര വലിയ വിവാദമാകുമായിരുന്നില്ല', പെയ്ന്‍ വ്യക്തമാക്കുന്നു.

ഇംഗ്ലണ്ടിനെതിരായ ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്ക് തൊട്ടു മുമ്പാണ് പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. നാല് വര്‍ഷം മുമ്പു നടന്ന സംഭവത്തിന്റെ പേരിലായിരുന്നു ഈ രാജി. 2017-ല്‍ ക്രിക്കറ്റ് ടാസ്മാനിയയിലെ ഒരു ജോലിക്കാരിക്കാണ് പെയ്ന്‍ മൊബൈല്‍ ഫോണ്‍ വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. അന്നു നടത്തിയ അന്വേഷണത്തില്‍ സ്‌പോര്‍ട്‌സ് ഇന്റഗ്രിറ്റി യൂണിറ്റ് പെയ്‌നിനെ വെറുതെവിട്ടെങ്കിലും കഴിഞ്ഞ ദിവസം ഹെറാള്‍ഡ് സണ്‍ പത്രം പെയ്ന്‍ അയച്ച സന്ദേശങ്ങള്‍ പുറത്തുവിടുകയായിരുന്നു. ഇതിന് പിന്നാലെ രാജി പ്രഖ്യാപിച്ച് പെയ്ന്‍ രംഗത്തെത്തി. ഹൊബാര്‍ട്ടില്‍ നടന്ന പത്രസമ്മേളനത്തില്‍ കണ്ണീരോടെയായിരുന്നു ഓസീസ് താരത്തിന്റെ രാജി പ്രഖ്യാപനം. 

അന്ന് വഞ്ചിക്കപ്പെട്ടതായി തോന്നിയെന്നും ഒരുപാട് വേദനിച്ചെന്നും പെയ്‌നിന്റെ ഭാര്യ ബോണി മാഗ്‌സ് വ്യക്തമാക്കിയിരുന്നു. നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതിനെയെല്ലാം അതിജീവിച്ച ഞങ്ങളെ വീണ്ടും പഴയ കാര്യങ്ങളിലേക്ക് വലിച്ചിടുന്നത് അനീതിയാണെന്നും ബോണി ചൂണ്ടിക്കാട്ടി.

Content Highlights: Tim Paine opens up on off field controversy