ലോസ് ആഞ്ജലീസ്: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സ് വീട്ടില്‍ തിരിച്ചെത്തി. ബുധനാഴ്ചയാണ് താരം വീട്ടിലേക്ക് മടങ്ങിയെത്തിയത്.

ഹാര്‍ബര്‍-യു.സി.എല്‍.എ മെഡിക്കല്‍ സെന്ററിലും സിഡാര്‍സ്-സിനായി മെഡിക്കല്‍ സെന്ററിലുമായി ചികിത്സയിലായിരുന്നു. 

ഫെബ്രുവരി 23-നുണ്ടായ അപകടത്തില്‍ വുഡ്‌സിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഗോള്‍ഫ് ടിവിക്ക് വേണ്ടിയുള്ള ഒരു ഷൂട്ടിന് പോകുന്നതിനിടെ രാവിലെ ഏഴു മണിക്കായിരുന്നു അപകടം. വുഡ്‌സ് സഞ്ചരിച്ചിരുന്ന കാര്‍ റോഡിലെ മീഡിയനില്‍ ഇടിച്ച് റോഡിന് സമീപമുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു. 

റോളിംഗ് ഹില്‍സ് എസ്റ്റേറ്റ്സിന്റെയും റാഞ്ചോസ് പാലോസ് വെര്‍ഡെസിന്റെയും അതിര്‍ത്തിയിലായിരുന്നു അപകടം. ഹത്തോണ്‍ ബൊളിവാര്‍ഡില്‍ നിന്ന് ബ്ലാക്ക്‌ഹോഴ്‌സ് റോഡിലൂടെയുള്ള യാത്രയിലായിരുന്നു വുഡ്സിന്റെ വാഹനം.

അപകടം നടന്നതിനു പിന്നാലെ ലോസ് ആഞ്ജലീസ് കൗണ്ടി അഗ്‌നിശമന സേനാംഗങ്ങളും മറ്റും ടൈഗര്‍ വുഡ്സിനെ കാറില്‍ നിന്ന് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കാറില്‍ നിന്ന് മുന്‍ ഗ്ലാസ് വഴിയാണ് രക്ഷാപ്രവര്‍ത്തകര്‍ താരത്തെ പുറത്തെടുത്തത്. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി ആരാധകര്‍ തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും താരം ട്വിറ്ററിലൂടെ നന്ദിയറിയിച്ചു.

Content Highlights: Tiger Woods back home and recovering after car accident