തിരുവനന്തപുരം: നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പ്പന ഈ മാസം 17-ന് ആരംഭിക്കും.

1000, 2000, 3000, 6000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. പേടിഎമ്മുമായി സഹകരിച്ച് ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന. വിദ്യാര്‍ഥികള്‍ക്കും ക്ലബ്ബുകള്‍ക്കും 1000 രൂപാ ടിക്കറ്റില്‍ 50% ഇളവ് ലഭിക്കും. സ്പോര്‍ട്സ് ഹബ്ബിന്റെ മുകളിലെ നിരയിലെ ടിക്കറ്റ് നിരക്കാണ് 1000 രൂപ. താഴത്തെ നിരയില്‍ 2000,3000, 6000 എന്നിങ്ങനെയാണ് നിരക്ക്. 

ഇതില്‍ 6000 രൂപയുടെ ടിക്കറ്റുകള്‍ ഭക്ഷണമുള്‍പ്പെടെയാണ്. ടിക്കറ്റ് വരുമാനത്തില്‍നിന്നുള്ള ലാഭവിഹിതത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു നിശ്ചിത തുക നല്‍കുമെന്ന് കെ.സി.എ വ്യക്തമാക്കി.

ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സ്മാര്‍ട്ട് ഫോണിലെ ടിക്കറ്റ് പകര്‍പ്പ് ഉപയോഗിച്ചോ ബുക്ക് ചെയ്തതിന്റെ പ്രിന്റുമായോ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാം.

ഏകദിന പരമ്പരയിലെ അഞ്ചാമത്തെ മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരേ നടന്ന ടിട്വന്റി മത്സരത്തിനു ശേഷം ഇതാദ്യമായാണ് കാര്യവട്ടത്ത് ഒരു അന്താരാഷ്ട്ര മത്സരം വരുന്നത്.

Content Highlights: ticket will be available fron october 17 for karyavattom odi