ജൊഹാനസ്ബര്‍ഗ്: ഒരു സപ്പോര്‍ട്ട് സ്റ്റാഫ് അടക്കം ദക്ഷിണാഫ്രിക്കന്‍ വനിതാ ക്രിക്കറ്റ് ടീമിലെ മൂന്ന് അംഗങ്ങള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി നടത്താനിരുന്ന പരിശീലന ക്യാമ്പിനു മുമ്പാണ് ഇവരുടെ പരിശോധനാ ഫലം പോസിറ്റീവായത്. ജൂലായ് 27-ന് പ്രെറ്റോറിയയിലാണ് ക്യാമ്പ് ആരംഭിക്കാനിരുന്നത്.

സപ്പോര്‍ട്ട് സ്റ്റാഫിനെയും രണ്ട് താരങ്ങളെയും ക്യാമ്പില്‍ നിന്ന് മാറ്റിനിര്‍ത്തിയതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഇവര്‍ ഐസൊലേഷനിലാണ്.

തങ്ങളുടെ മെഡിക്കല്‍ ടീം ഇവരെ നിരീക്ഷിക്കുന്നുണ്ടെന്ന് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബോര്‍ഡിന്റെ കോവിഡ്-19 സ്റ്റിയറിംഗ് കമ്മിറ്റി മാനദണ്ഡങ്ങള്‍ അനുസരിച്ചാണിത്. 

കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായി 34 കോവിഡ് ടെസ്റ്റുകളാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയത്. അടുത്ത പരിശീലന ക്യാമ്പിനു മുമ്പ് അടുത്ത റൗണ്ട് പരിശോധനയും നടത്തും.

Content Highlights: Three members of South African women squad test positive for COVID-19