.jpg?$p=2922c1a&f=16x10&w=856&q=0.8)
എൽദോസ്, ജാബിർ, ആർ.അനു, അംലാൻ ബൊഗോഹെയ്ൻ
തേഞ്ഞിപ്പലം (മലപ്പുറം): പവലിയനുകളെ പാടെ പറത്തിക്കളഞ്ഞ കാറ്റ്. ട്രാക്കിനെയും ഫീല്ഡിനെയും മുക്കിയ മഴ. പക്ഷേ, രണ്ടിനെയും മറികടന്നു നിശ്ചയദാര്‍ഢ്യം കൊണ്ട് അത്ലറ്റുകള്. മഴയും കാറ്റും ആന്റിക്ലൈമാക്സ് കളിച്ച ഫെഡറേഷന് കപ്പ് അത്ലറ്റിക്സിന്റെ അവസാനദിനം മൂന്ന് മെഡലുകളാണ് കേരളം സ്വന്തമാക്കിയത്. മേമ്പൊടിയായി ഒരു മീറ്റ് റെക്കോഡും.
പുരുഷന്മാരുടെയും വനിതകളുടെയും 400 മീറ്റര്‍ ഹര്‍ഡില്‍സിലായിരുന്നു കേരളത്തിന്റെ സമഗ്രാധിപത്യം. പുരുഷന്മാരില് ജാബിറും വനിതകളില്‍ ആര്.അനുവുമാണ് സ്വര്‍ണം സ്വന്തമാക്കിയത്. സീസണിലെ ഏറ്റവും മികച്ച സമയമായ 50.35 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജാബിര്‍ സ്വര്‍ണം നേടിയത്. എന്നാല്‍, 49.13 സെക്കന്‍ഡാണ് ജാബിറിന്റെ ഏറ്റവും മികച്ച സമയം. തമിഴ്നാടിന്റെ സന്തോഷ്കുമാര്‍ 50.72 സെക്കന്‍ഡില്‍ വെള്ളിയും ഗുജറാത്തിന്റെ ധവല്‍ മഹേഷ് 51.58 സെക്കന്‍ഡില്‍ വെള്ളിയും നേടി. കേരളത്തിന്റെ തോമസ് മാത്യു അഞ്ചാമനായി.
മഴ രസംകെടുത്തിയ വനിതാ ഹര്‍ഡില്‍സില്‍ 58.63 സെക്കന്‍ഡിലായിരുന്നു ആര്.അനുവിന്റെ ഗോള്‍ഡന്‍ ഫിനിഷ്. എന്നാല്‍ അനുവിന്റെ ഈ സീസണിലെ ഏറ്റവും മികച്ച സമയമല്ലിത്. 58.53 സെക്കന്‍ഡില്‍ ഓടിയിട്ടുണ്ട് അനു. ഈ സീസണില്‍ 58.35 സെക്കന്‍ഡില്‍ ഓടിയ ചരിത്രമുളള കേരളത്തിന്റെ ആര്. ആരതി ഇക്കുറി നിരാശപ്പെടുത്തി. അനുവിന് പിന്നില്‍ 59.44 സെക്കന്‍ഡില്‍ രണ്ടാമതെത്താനേ ആരതിക്ക് കഴിഞ്ഞുള്ളൂ. ഹരിയാണയുടെ സിമ്മി 59.87 സെക്കന്‍ഡില്‍ വെങ്കലം നേടി. മഴയ്ക്ക് മുന്‍പേ വാംഅപ്പ് തുടങ്ങിയ താരങ്ങള്‍ മഴ മാറി ഒരു മണിക്കൂര്‍ കഴിഞ്ഞാണ് മത്സരിച്ചത്. ഇതു തന്നെയാവണം പ്രകടനത്തെ ബാധിച്ചത്.
എന്നാല്‍, കേരളത്തിന് ആവേശം പകര്‍ന്ന മെഡല്‍ നേട്ടമുണ്ടായത് മഴയില്‍ കുതിര്‍ന്ന പുരുഷന്മാരുടെ ട്രിപ്പി ജമ്പ് പിറ്റില്‍ നിന്നാണ്. മലയാളി താരം എല്‍ദോസ് പോള്‍ സ്വര്‍ണം നേടുക മാത്രമല്ല, മീറ്റ് റെക്കോഡ് തിരുത്തുകയും ഏഷ്യന്‍ ഗെയിംസിനും ലോക ചാമ്പ്യന്‍ഷിപ്പിനും യോഗ്യത നേടുകയും കൂടി ചെയ്തു എല്‍ദോസ്. 16.99 മീറ്ററാണ് ചാടിയ ദൂരം. രഞ്ജിത്ത് മഹേശ്വരിയുടെ പേരിലുണ്ടായിരുന്ന 16.85 മീറ്ററിന്റെ റെക്കോഡാണ് അവസാന ചാട്ടത്തില്‍ എല്‍ദോസ് മറികടന്നത്. ഏഷ്യന്‍ ഗെയിംസിന്റെ യോഗ്യതാ മാര്‍ക്ക് 16.65 മീറ്ററും ലോക ചാമ്പ്യന്ഷിപ്പിന്റേത് 16.56 മീറ്ററുമാണ്. എന്നാല്‍, 17.14 മീറ്റര്‍ എന്ന ലോക ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മാര്‍ക്ക് പിന്നിടാന്‍ എല്ദോസിനായില്ല. 16.95മീറ്ററായിരുന്നു ഇതുവരെ എല്‍ദോസിന്റെ മികച്ച പ്രകടനം.
16.84 മീറ്റര്‍ ചാടിയ തമിഴ്നാടിന്റെ പ്രവീണ്‍ ചിത്രവേല്‍ വെള്ളിയും 16.81 മീറ്റര്‍ ചാടിയ കേരളത്തിന്റെ യു.കാര്‍ത്തിക് വെങ്കലവും നേടി.
അവസാന ദിവസത്തെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം പിറന്നത് പുരുഷന്മാരുടെ 200 മീറ്റര്‍ ഓട്ടത്തിന്റെ ട്രാക്കിലാണ്. 20.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അസമിന്റെ അംലാന്‍ ബൊഗോഹെയ്ന് പുതിയ ദേശീയ റെക്കോഡിട്ടത്. എം. അനസിന്റെ പേരിലുണ്ടായിരുന്ന 20.63 സെക്കന്‍ഡിന്റെ റെക്കോർഡാണ് മഴഭീഷണിയെയും കാറ്റിനെയും ഓടിത്തോല്പിച്ച് അംലാന്‍ തിരുത്തിയത്. 20.79 സെക്കന്‍ഡ് എന്ന ആനന്ദ് മെനെസസിന്റെ മീറ്റ് റെക്കോഡും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ പിച്ചില്‍ പഴങ്കഥയായി. യു.പിയുടെ ആകാഷ്കുമാര് 20.89 സെക്കന്‍ഡില്‍ വെള്ളിയും കേരളത്തിന്റെ മുഹമ്മദ് അജ്മല്‍ 20.92 സെക്കന്‍ഡില്‍ വെങ്കലവും നേടി. 20.75 സെക്കന്‍ഡായിരുന്നു അംലാന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച സമയം. സീസണിലെ മികച്ച സമയം 20.94 സെക്കന്‍ഡും. ഇതാദ്യമായാണ് മുഹമ്മദ് അജ്മല്‍ ഇരുപത്തിയൊന്ന് സെക്കന്‍ഡില്‍ താഴെ സമയത്തില്‍ ഓടുന്നത്. 21.11 സെക്കന്‍ഡായിരുന്നു ഇതുവരെ മികച്ച സമയം. സീസണിലെ ഏറ്റവും മികച്ച സമയവും ഇതുതന്നെ.
വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഹിമ ദാസ് സ്വര്‍ണം നേടി. 23.63 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. എന്നാല്‍, 22.88 സെക്കന്‍ഡാണ് ഹിമയുടെ ഏറ്റവും മികച്ച സമയം. ഈ സീസണില്‍ 23.45 സെക്കന്‍ഡില്‍ ഓടിയിട്ടുമുണ്ട്.
മഹാരാഷ്ട്രയുടെ ഐശ്വര്യ കൈല 23.64 സെക്കന്‍ഡില്‍ വെള്ളിയും കര്‍ണാടകയുടെ പ്രിയ മോഹന്‍ വെങ്കലവും നേടി. മലയാളി താരങ്ങളായ എം.വി.ജില്‍ന 24.03 സെക്കന്ഡിതല് നാലാമതും അഞ്ജലി പി.ഡി 24.08 സെക്കന്‍ഡില്‍ അഞ്ചാമതുമായി.
federation cup athletics, Eldhose Paul, Amlan Borgohain, Hima Das
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..