-
2018 ഏഷ്യൻ ഗെയിംസിൽ വെങ്കലം കരസ്ഥമാക്കിയ ഇന്ത്യൻ കബഡി ടീമിന്റെ നായകനായ അജയ് താക്കൂർ ഇന്ന് പോലീസ് ജോലിത്തിരക്കിലാണ്. കോവിഡ് 19 പടർന്നു പിടിച്ച പശ്ചാത്തലത്തിൽ കബഡിയുപേക്ഷിച്ച് മുഴുവൻ സമയവും സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുകയാണ് താരം.
ഹിമാചൽ പ്രദേശിലെ ബിലാസ്പുർ ജില്ലയിൽ ഡി.എസ്.പിയായി ജോലി ചെയ്യുന്ന താക്കൂർ പ്രോ കബഡി ലീഗിലെ മിന്നും താരമാണ്. തമിഴ് തലൈവാസിനുവേണ്ടിയാണ് താരം കബഡി ലീഗിൽ കളിക്കുന്നത്.
'ഞാൻ ബിലാസ്പുരിലാണ് ജോലി ചെയ്യുന്നത്. ഇവിടെ ഇതുവരെ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹിമാചൽ പ്രദേശിൽ ഇതുവരെ വളരെ കുറച്ച് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഈ സമയത്ത് ജോലി ചെയ്യുന്നതിൽ എന്റെ കുടുംബത്തിന് നല്ല ഭയമുണ്ട്. പക്ഷേ ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് ഞാനെന്റെ കടമ ചെയ്യേണ്ടത്? ക്യാപ്റ്റനായി ഇന്ത്യൻ ടീമിനെ നയിച്ചപ്പോഴുള്ള അതേ ഉത്തരവാദിത്വമാണ് ഇപ്പോഴുമുള്ളത്. ഒരു സമൂഹത്തെ മാഹാമരിയിൽ നിന്നും രക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ് ഓരോ പോലീസുകാരനിലുമുള്ളത്. അത് ഞാനും ചെയ്യുന്നു.'-താക്കൂർ പറഞ്ഞു
ഡ്യൂട്ടിയ്ക്കിടയിലും എല്ലാ ദിവസവും അതിരാവിലെ വ്യായാമം ചെയ്യാൻ താക്കൂർ മറക്കാറില്ല. രണ്ട് ജോലികൾക്കും അത്യാവശ്യമാണ് വ്യായാമം. അത് കൃത്യമായി ചെയ്താൽ ശരീരം ഫിറ്റായി സൂക്ഷിക്കാമെന്ന് താക്കൂർ പറയുന്നു.
2014 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ കബഡി ടീമിൽ അംഗമായിരുന്ന അജയ് താക്കൂർ 2016 കബഡി വേൾഡ് കപ്പിൽ ഇന്ത്യയ്ക്ക് സ്വർണം ലഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2019-ൽ ഇദ്ദേഹത്തിന് പദ്മശ്രീയും അർജുന അവാർഡും ലഭിച്ചിട്ടുണ്ട്.
Content Highlights: Ajay Thakkur, Corona Updates, Mathrubhumi Sports
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..