Image Courtesy: Getty Images
ഇന്ത്യ - പാകിസ്താന് പോരാട്ടങ്ങള്‍ ക്രിക്കറ്റ് ലോകത്തിന് വെറുമൊരു ക്രിക്കറ്റ് മത്സരം എന്നതിനേക്കാള്‍ ആവേശം അണപൊട്ടിയൊഴുകുന്ന വീറും വാശിയും നിറയുന്ന യുദ്ധസമാനമായ പോരാട്ടമാണ്. അത് ഇനി ലോകകപ്പിലാണെങ്കിലോ, പിന്നെ പറയുകയും വേണ്ട.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്നത്. ലോകകപ്പ് പോരാട്ടങ്ങളില്‍ എന്നും ഇന്ത്യയ്ക്കു മുന്നില്‍ മുട്ടുമടക്കിയ ചരിത്രമാണ് പാകിസ്താനുള്ളത്. ഇത്തരത്തില്‍ പാകിസ്താനെതിരായ ലോകകപ്പ് പോരാട്ടങ്ങളില്‍ ഇന്ത്യ തുടര്‍ച്ചയായ ഏഴാം വിജയം സ്വന്തമാക്കിയിട്ട് ജൂണ്‍ 16 ചൊവ്വാഴ്ച ഒരു വര്‍ഷം തികയുകയാണ്.
2019 ലോകകപ്പില്‍ മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തിലായിരുന്നു ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഏഴാം തവണ മുഖാമുഖം വന്നത്. പാകിസ്താനെ 89 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ലോകകപ്പുകളിലെ തങ്ങളുടെ ആധിപത്യം ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്തു. മഴ ഇടയ്ക്ക് കളിമുടക്കിയ മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ വിജയം.
2017-ല്‍ ലണ്ടനിലെ ഓവലില്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ 180 റണ്‍സിന് കീഴടക്കി പാകിസ്താന് കിരീടമുയര്‍ത്തിയ ശേഷമുള്ള മത്സരം എന്നതിനാല്‍ തന്നെ മാഞ്ചെസ്റ്ററിലേക്ക് ക്രിക്കറ്റ് പ്രേമികളെല്ലാം തന്നെ ഉറ്റുനോക്കുകയായിരുന്നു. 1992 ലോകകപ്പില്‍ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ മുഹമ്മദ് അസ്ഹറുദ്ദീന് നയിച്ച ഇന്ത്യ, പാകിസ്താനെ കീഴടക്കിയതോടെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ വിജയ ചരിത്രം തുടങ്ങുന്നത്. പിന്നീട് 1996, 1999, 2003, 2011, 2015 ലോകകപ്പുകളിലും വിജയം ഇന്ത്യയ്ക്കൊപ്പം തന്നെയായിരുന്നു.

ഈ ചരിത്രം മാറ്റിയെഴുതാനാണ് മാഞ്ചെസ്റ്ററില്‍ സര്‍ഫറാസ് അഹമ്മദിന്റെ നേതൃത്വത്തില്‍ പാകിസ്താന് ഇറങ്ങിയത്. മഴപ്പേടി കാരണം ടോസ് നേടിയ സര്‍ഫറാസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. എന്നാല്‍ അവിടെ നിന്ന് അങ്ങോട്ട് അവര്‍ക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ലോകകപ്പില്‍ ആദ്യമായി ഒന്നിച്ച രോഹിത് ശര്‍മ - ലോകേഷ് രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് നല്‍കിയത്. 23.5 ഓവറില്‍ 136 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 78 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത് രാഹുല്‍ മടങ്ങി.
എന്നാല്‍ ലോകകപ്പിലെ മിന്നുന്ന ഫോം തുടര്‍ന്ന രോഹിത് തന്റെ 24-ാം ഏകദിന സെഞ്ചുറിയും 2019 ലോകകപ്പിലെ രണ്ടാം സെഞ്ചുറിയും കുറിച്ചു. രോഹിത്തിന് കൂട്ടിയെത്തിയ ക്യാപ്റ്റന്‍ വിരാട് കോലിയും തകര്‍ത്തടിച്ചതോടെ പാകിസ്താന് ചിത്രത്തില്‍ നിന്ന് പതിയെ മാഞ്ഞുതുടങ്ങി. 85 പന്തുകളില്‍ നിന്ന് സെഞ്ചുറി തികച്ച രോഹിത് 113 പന്തില്‍ നിന്ന് മൂന്നു സിക്സും 14 ബൗണ്ടറികളുമടക്കം 140 റണ്‍സെടുത്ത് പുറത്തായി. കോലി 65 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 77 റണ്‍സെടുത്തു. ഇരുവരും രണ്ടാം വിക്കറ്റില്‍ 98 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
മൂവരുടെയും മികവില്‍ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 336 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് സ്കോര്‍ 13-ല്‍ എത്തിയപ്പോള്‍ തന്നെ ഇമാം ഉള് ഹഖിനെ (7) നഷ്ടമായി. പേശിവലിവ് കാരണം പിന്മാറിയ ഭുവനേശ്വര്‍ കുമാറിന് പകരം ഓവര്‍ പൂര്‍ത്തിയാക്കാനെത്തിയ വിജയ് ശങ്കറാണ് ഇമാമിനെ പുറത്താക്കിയത്. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ശങ്കര്‍ വിക്കറ്റ് വീഴ്ത്തി. പിന്നീട് ഫഖര്‍ സമാനും ബാബര്‍ അസമും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ പാകിസ്താനെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ബാബര്‍ അസമിനെ (48) പുറത്താക്കി കുല്‍ദീപ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചതോടെ പാകിസ്താന്റെ പതനവും തുടങ്ങി. വൈകാതെ 62 റണ്‍സെടുത്ത ഫഖര്‍ സമാനും മടങ്ങി.
ഇതിനിടെ 35-ാം ഓവറില്‍ മത്സരം മഴ മുടക്കിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിച്ചു. 35 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെന്ന നിലയിലായിരുന്ന പാകിസ്താന് ജയിക്കാന്‍ അഞ്ച് ഓവറില്‍ 136 റണ്‍സെടുക്കേണ്ട അവസ്ഥ വന്നു. 40 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കാനേ പാകിസ്താന് സാധിച്ചുള്ളൂ.
Content Highlights: This day last year India crushes Pakistan in 2019 World Cup
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..