കരിവെള്ളൂര്‍: പങ്കെടുത്ത അഞ്ചിനങ്ങളിലും സുവര്‍ണ നേട്ടം കരസ്ഥമാക്കി ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ തിളങ്ങുന്ന താരമായി മാറിയത് ദിനേശ് ബീഡി തൊഴിലാളി. കരിവെള്ളൂര്‍ കുതിരുമ്മലിലെ ടി.വി.തമ്പായിയാണ് 51-ാം വയസ്സിലും ട്രാക്കിലെ ആവേശമായി മാറിയത്.

വാരാണസിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണവും ഒരു വെള്ളിയുമാണ് തമ്പായി ഓടിയെടുത്തത്. 800, 1500, 5000 മീറ്റര്‍ ഓട്ടമത്സരത്തിലും 4 X 400 റിലേയിലുമായിരുന്നു സ്വര്‍ണമെഡല്‍. 4 X 100 റിലേയില്‍ വെള്ളിമെഡലും നേടി കരിവെള്ളൂര്‍ ബസാര്‍ എ-വണ്‍ ക്ലബ്ബിനു സമീപത്തെ ദിനേശ് ബീഡി കമ്പനിയിലെ തൊഴിലാളിയാണ്. കരിവെള്ളൂര്‍ സെന്‍ട്രല്‍ എല്‍.പി. സ്‌കൂളിലും മാന്യഗുരു യു.പി. സ്‌കൂളിലും പഠിക്കുന്ന കാലത്ത് ഓട്ടമത്സരങ്ങളില്‍ തമ്പായി എന്നും മുന്നിലായിരുന്നു.

എന്നാല്‍, പിന്നീട് ജീവിതത്തിരക്കുകള്‍ കൂടിവന്നപ്പോള്‍ കായികാവേശം മെല്ലെ വഴിമാറി. അഞ്ചുവര്‍ഷം മുന്‍പ് മേയ്ദിന കായികമേളയില്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പങ്കെടുത്തത്. മത്സരിച്ച ഇനങ്ങളിലെല്ലാം വിജയം തേടിയെത്തിയപ്പോള്‍ പിന്നെ തിരിഞ്ഞുനോക്കിയില്ല.

2017 മുതല്‍ സംസ്ഥാന, ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളിലെ മിന്നുന്ന താരമാണ് തമ്പായി. എല്ലാ മത്സരങ്ങളിലും നിരവധി സ്വര്‍ണ, വെള്ളി മെഡലുകള്‍ നേടി.

ദിവസവും രാവിലെ 5.30-ന് വാണിയില്ലം ക്ഷേത്രത്തിന് സമീപത്തുനിന്ന് തമ്പായി ഓടാന്‍ തുടങ്ങും. ഏഴുകിലോമീറ്ററോളം നീളുന്ന ഈ ഓട്ടം തന്നെയാണ് നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് തമ്പായി പറയുന്നു. ഒപ്പം, ഭര്‍ത്താവും കബഡി താരവുമായ എ. ദാമോദരന്റേയും മക്കളുടേയും പിന്തുണയും.

തമ്പായിയുടെ മക്കളായ പ്രിയയും പ്രബിതയും ദേശീയ കായികതാരങ്ങളാണ്. കുതിരുമ്മലെ വീട്ടിലെ സ്വീകരണമുറിയില്‍ അടുക്കിവെച്ചിരിക്കുന്നത് മെഡലുകളാണ്. മൂത്തമകള്‍ പ്രിയ 10,000, 5,000, 1500, 800 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ സംസ്ഥാന-ദേശീയതലത്തില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. രണ്ടാമത്തെ മകള്‍ പ്രബിത 400 മീറ്റര്‍ ഹര്‍ഡില്‍സ്, 400, 200 ഓട്ടമത്സരങ്ങളില്‍ സംസ്ഥാന-ദേശീയതലത്തില്‍ നിരവധി നേട്ടങ്ങള്‍ക്ക് ഉടമ.

പ്രിയ ബിരുദധാരിയും പ്രബിത ബിരുദാനന്തര ബിരുദധാരിയുമാണ്. രണ്ട് മക്കളുടെയും നേട്ടങ്ങളുടെ നൂറുകണക്കിന് സര്‍ട്ടിഫിക്കറ്റുകളാണ് വീട്ടിലെ അലമാരയ്ക്കുള്ളില്‍ തമ്പായി അടുക്കിവെച്ചിട്ടുള്ളത്. വര്‍ഷങ്ങളോളം ട്രാക്കില്‍ നേട്ടങ്ങള്‍ കൊയ്തിട്ടും ഒരു ജോലിക്കുവേണ്ടി രണ്ടുപേരും മുട്ടാത്ത വാതിലുകളില്ല. നിരാശ മാത്രമായിരുന്നു ഫലം.

Content Highlights: this 51-year-old beedi worker is the shining star of the National Masters Championship