Image Courtesy: ICC
എവര്ട്ടണ് വീക്ക്സ് എന്ന വിന്‍ഡീസ് ഇതിഹാസ ബാറ്റ്സ്മാന്റെ വിടവാങ്ങലോടെ ലോക ക്രിക്കറ്റിലെ ഒരു യുഗത്തിനു തന്നെയാണ് അവസാനമായത്. ലോക ക്രിക്കറ്റില്‍ പകരം വെയ്ക്കാനില്ലാത്ത ശക്തിയാക്കി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിനെ വളര്‍ത്തിയവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം.
ക്ലൈവ് ലോയ്ഡിന്റെ വിന്‍ഡീസ് ടീം ലോക ക്രിക്കറ്റിനെ കാല്ക്കീഴിലാക്കുന്നതിനു മുമ്പ് അതിന് വഴിമരുന്നിട്ടത് എവര്ട്ടണ് വീക്ക്സ് എന്ന ഇതിഹാസമായിരുന്നു. വിന്‍ഡീസ് ക്രിക്കറ്റിന്റെ തലവര മാറ്റിമറിച്ച 'ത്രീ ഡബ്ല്യൂസി'ലെ പ്രധാന താരവും വീക്ക്സായിരുന്നു. ബാര്‍ബഡോസില്‍ ജനിച്ച ക്ലൈഡ് വാല്‍ക്കോട്ട്, ഫ്രാങ്ക് വോറെല്‍, എവര്ട്ടണ് വീക്ക്സ് എന്നീ മൂവര്‍ സംഘത്തിന് ചാര്‍ത്തിക്കിട്ടിയ പേരായിരുന്നു ഇത്. ഇതില്‍ വോറെല്‍ 1967-ലും വാല്‍ക്കോട്ട് 2006-ലും അന്തരിച്ചു.
ടെസ്റ്റ് ക്രിക്കറ്റിന്റെ റെക്കോഡ് ബുക്കില്‍ ഇന്നും മായാതെ കിടക്കുന്ന ഒരു റെക്കോഡുണ്ട്. തുടര്‍ച്ചയായ അഞ്ച് ടെസ്റ്റ് സെഞ്ചുറികള്‍ എന്ന റെക്കോഡ്. ആ റെക്കോഡിനൊപ്പം നമ്മള് കാണുന്ന പേര് എവര്ട്ടണ് വീക്ക്സിന്റേതായിരിക്കും.
തന്റെ പ്രതാപ കാലത്ത് ഇന്ത്യയില്‍ പര്യടനത്തിനെത്തിയ വീക്ക്സ് റണ്‍സ് വാരിക്കൂട്ടിയാണ് ഇവിടെ നിന്ന് മടങ്ങിയത്. 1948-49 കാലത്തായിരുന്നു അന്നത്തെ വിന്‍ഡീസ് ടീമിന്റെ ഇന്ത്യന്‍ പര്യടനം. അഞ്ചു മത്സരങ്ങളടങ്ങിയതായിരുന്നു ടെസ്റ്റ് പരമ്പര. ആ പരമ്പരയ്ക്കു മുമ്പ് വെറും 15 ടെസ്റ്റുകളുടെ പരിചയം മാത്രമായിരുന്നു ടീം ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. 15-ല്‍ പത്തിലും തോല്‍വിയായിരുന്നു ഫലം. അഞ്ചെണ്ണം സമനിലയിലും കലാശിച്ചു. ഒരു ജയം സ്വപ്നം കണ്ടാണ് ഇന്ത്യ പരമ്പരയ്ക്ക് ഇറങ്ങിയത്.
ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന പരമ്പരയില്‍ നിര്‍ത്തിയിടത്തു നിന്ന് ഇന്ത്യന്‍ മണ്ണില്‍ വീക്ക്സിന്റെ ബാറ്റ് ശബ്ദിച്ചു തുടങ്ങി. ഇംഗ്ലണ്ടിനെതിരെ ജമൈക്കയില്‍ 141 റണ്‍സ് നേടിയതിനു പിന്നാലെ ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ 128, ബോംബെയില്‍ (മുംബൈ) 194, കൊല്‍ക്കത്തയില്‍ 162, 101 എന്നിങ്ങനെ തുടര്‍ച്ചയായ അഞ്ച് ഇന്നിങ്സുകളില്‍ വീക്ക്സ് സെഞ്ചുറിയിലെത്തി. പുതിയ റെക്കോഡും സ്ഥാപിച്ചു. തുടരെ ആറാം ഇന്നിങ്സിലും സെഞ്ചുറി എന്ന റെക്കോഡും വീക്ക്സിന് മുന്‍പിലെത്തിയെങ്കിലും മദ്രാസില്‍ 90 റണ്‍സില്‍ നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തി.
പിന്നീട് ഇന്നുവരെ അക്കാലത്ത് വീക്ക്സ് സ്ഥാപിച്ച ഈ റെക്കോഡ് ലോക ക്രിക്കറ്റില്‍ ആര്‍ക്കും തന്നെ മറികടക്കാന്‍ സാധിച്ചിട്ടില്ല. 2002-ല്‍ തുടര്‍ച്ചയായ നാലു സെഞ്ചുറികളുമായി ഇന്ത്യയുടെ വന്മതില് രാഹുല്‍ ദ്രാവിഡ് ഈ നേട്ടത്തിന് അടുത്തെത്തിയത് ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റാര്‍ക്കും ഈ നേട്ടം ഒന്ന് എത്തിപ്പിടിക്കാന്‍ കൂടി സാധിച്ചിട്ടില്ല.
ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2019-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു.
1948 മുതല്‍ 1958 വരെ വിന്‍ഡീസിനായി 48 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചു. 58.62 ശരാശരിയില്‍ 4,455 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 15 സെഞ്ചുറികളും അടിച്ചുകൂട്ടി. 22-ാം വയസില്‍ കെന്നിങ്ടണില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു വീക്ക്സിന്റെ അരങ്ങേറ്റം. ട്രിനിഡാഡില്‍ പാകിസ്താനെതിരെയായിരുന്നു അവസാന മത്സരം.
ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ചതിന്റെ റെക്കോഡ് ഇംഗ്ലണ്ടിന്റെ ഹെബെര്‍ട്ട് സറ്റ്ക്ലിഫെയ്ക്കൊപ്പം പങ്കിടുന്ന താരം കൂടിയാണ് വീക്ക്സ്. 100 റണ്‍സ് തികയ്ക്കാനായി ഒമ്പതു ടെസ്റ്റുകളിലെ 12 ഇന്നിങ്സുകളേ ഇരുവര്‍ക്കും വേണ്ടി വന്നുള്ളൂ.
Content Highlights: the test record that still stands Everton Weekes gave India a batting lesson
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..