പാലാ: കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ പതിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നിലവ് ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് അഭീല്‍ ജോണ്‍സണി(17)ന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. സ്വയം ശ്വസിക്കാന്‍ സാധിക്കുമോ എന്നറിയാന്‍ അഭീലിനെ ഞായറാഴ്ച 15 മിനിറ്റ് വെന്റിലേറ്ററില്‍നിന്ന് മാറ്റി. ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും തീവ്രപരിചണ വിഭാഗത്തിലെ വെന്റിലേറ്ററിലേക്ക് മാറ്റി.

സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കിടെ വെള്ളിയാഴ്ചയാണ് അഭീലിന് പരിക്കേറ്റത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കുറ്റകരമായ അനാസ്ഥ, അശ്രദ്ധ എന്നിവ കാരണം അപകടം വരുത്തിയതിന് 338-ാം വകുപ്പ് പ്രകാരമാണ് കേസ്. ഞായറാഴ്ച മൂന്ന് കായികാധ്യാപകരെകൂടി ചോദ്യംചെയ്തു.

കഴിഞ്ഞ ദിവസം ഒഫീഷ്യല്‍സ് അടക്കം എട്ടുപേരെ ചോദ്യം ചെയ്തിരുന്നു. പാലാ സി.ഐ. വി.എ.സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഘാടകര്‍ക്ക് വീഴ്ച സംഭവിച്ചതായി പാലാ ആര്‍.ഡി.ഒ. അനില്‍ ഉമ്മന്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അത്ലറ്റിക്‌സ് അസോസിയേഷന്‍ അഞ്ചുലക്ഷം നല്‍കും

കൊച്ചി: അപകടത്തില്‍ പരിക്കേറ്റ അഭീലിന്റെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ചുലക്ഷം രൂപ നല്‍കാന്‍ സംസ്ഥാന അത്ലറ്റിക്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. ഞായറാഴ്ച ചേര്‍ന്ന പ്രത്യേക എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. അപകടത്തെത്തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. ശേഷിക്കുന്ന മത്സരങ്ങള്‍ ഒക്ടോബര്‍ 15-നകം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അനുമതി തേടാനും തീരുമാനിച്ചു.

സംഘാടനത്തിലെ പിഴവെന്ന് റിപ്പോര്‍ട്ട്

പാലാ: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ വിദ്യാര്‍ഥിയുടെ തലയില്‍ ഹാമര്‍ പതിച്ച് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകരുടെ വീഴ്ചയുണ്ടായെന്ന് പാലാ ആര്‍.ഡി.ഒ.യുടെ റിപ്പോര്‍ട്ട്. പാലാ സെയ്ന്റ് തോമസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഭീല്‍ ജോണ്‍സ(17)നാണ് വെള്ളിയാഴ്ച മത്സരത്തിനിടെ പരിക്കേറ്റത്. സംഭവത്തെത്തുടര്‍ന്ന് മീറ്റ് നിര്‍ത്തിവെച്ചു. മത്സരം നടക്കാതെവന്നാല്‍ ദേശീയ മത്സരത്തിനുള്ള താരങ്ങളെ ട്രയല്‍സ് നടത്തി കണ്ടെത്തേണ്ടിവരും.

സമാന്തരമായി ഹാമര്‍ ത്രോ, ജാവലിന്‍ മത്സരങ്ങള്‍ നടത്തിയതാണ് പ്രധാന വീഴ്ച. ഹാമര്‍, ജാവലിന്‍ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ഗ്രൗണ്ട് റഫറിയെ നിയോഗിച്ചിരുന്നു. റഫറി ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധചെലുത്തിയില്ല. ജാവലിന്‍, ഹാമര്‍ മത്സരങ്ങള്‍ സമീപത്തായി നടത്തരുതെന്നാണ് അത്ലറ്റിക് നിയമം -പാലാ ആര്‍.ഡി.ഒ. അനില്‍ ഉമ്മന്‍ പറഞ്ഞു. ഹാമറും ജാവലിനും അടുത്തടുത്തായാണ് വന്നുവീഴുന്നത്. ഇക്കാര്യത്തില്‍ ഗ്രൗണ്ട് റഫറി അനാസ്ഥകാട്ടി.

പരിക്കേറ്റ വിദ്യാര്‍ഥിയെ വൊളന്റിയറായി നിയമിച്ചിരുന്നില്ലന്ന് സംഘാടകര്‍ അറിയിച്ചുവെന്ന് ആര്‍.ഡി.ഒ. പറഞ്ഞു. അഭീല്‍ പഠിക്കുന്ന പാലാ സെയ്ന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ അനുമതി തേടിയിട്ടല്ല വൊളന്റിയറായി നിയോഗിച്ചത്. ആരുടെ നിര്‍ദേശപ്രകാരമാണ് വൊളന്റിയറായി എത്തിയതെന്ന് അന്വേഷിക്കണം. മീറ്റിന്റെ ചുമതലയുണ്ടായിരുന്ന കായികാധ്യാപകരില്‍നിന്ന് ആര്‍.ഡി.ഒ. വിവരങ്ങള്‍ ശേഖരിച്ചു. മേള നടക്കുന്ന വിവരം സംഘാടകര്‍ കളക്ടറെയോ ആര്‍.ഡി.ഒ.യെയോ അറിയിച്ചിരുന്നില്ലന്നും ആര്‍.ഡി.ഒ. പറഞ്ഞു. 

മേളയുടെ ചുമതലയുള്ള എസ്. പഴനിയാ പിള്ള, വി.സി. അലക്‌സ്, ബോബന്‍ എന്നിവരില്‍നിന്ന് വിവരങ്ങള്‍ തേടി. റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാധ്യക്ഷ ബിജി ജോജോ, മീനച്ചില്‍ തഹസില്‍ദാര്‍ നവീന്‍ ബാബു, പാലാ പോലീസ് ഹൗസ് ഓഫീസര്‍ സുരേഷ് കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Student injured after Hammer falls to head The athletic championship was postponed

പോലീസ് നടപടി തുടങ്ങി

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. അത്ലറ്റിക് അസോസിയേഷന്‍ ഭാരവാഹികളുടെ മൊഴിയെടുത്തു. വിശദമായ അന്വേഷണത്തിനുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പാലാ ഡിവൈ.എസ്.പി. കെ. സുഭാഷ് പറഞ്ഞു.

മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

കോട്ടയം: ഹാമര്‍ തലയില്‍ പതിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. പാലാ ഡിവൈ.എസ്.പി.യും വിദ്യാഭ്യാസ ഉപഡയറക്ടറും (കോട്ടയം) അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് കോട്ടയത്ത് പരിഗണിക്കും.

പ്രാര്‍ഥനയോടെ കുടുംബം

അഭീല്‍ എത്രയും വേഗം ഫുട്ബോള്‍ ഗ്രൗണ്ടില്‍ തിരിച്ചെത്തണമെന്ന പ്രാര്‍ഥനയുമായി അവര്‍ കാത്തിരിക്കുന്നു. പരിക്കേറ്റ അഭീല്‍ ജോണ്‍സണ്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിനുമുന്നില്‍ ബന്ധുക്കളും സുഹൃത്തുക്കളും കാത്തിരിക്കുന്നു. ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് കൃഷിക്കാരനായ ജോണ്‍സണ്‍ ജോര്‍ജിന്റെ മകനായ അഭീല്‍ ഫുട്ബോള്‍ താരംകൂടിയാണ്.

അപകടത്തിനിരയായപ്പോഴും മകനെതിരേ ചിലര്‍ പറഞ്ഞ വാക്കുകള്‍ അച്ഛന്റെ വേദന കൂട്ടുന്നു. അഭീല്‍ മേളയിലെ വൊളന്റിയര്‍ അല്ലായിരുന്നെന്നും അനുമതിയില്ലാതെ മൈതാനത്ത് കയറിയാണ് അപകടത്തില്‍പ്പെട്ടതെന്നും പറഞ്ഞുപരത്തുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു.

''സംഘാടകരുടെയും പഠിക്കുന്ന സ്‌കൂളിന്റെയും അനുമതിയോടെയാണ് അഭീല്‍ വൊളന്റിയറായി വന്നതെന്ന് ജോണ്‍സണ്‍ ജോര്‍ജും ബന്ധുക്കളും വ്യക്തമാക്കി. അവന്‍ പഠിക്കുന്ന പാലാ സെയ്ന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് അനുമതിനേടിയിരുന്നു. വൊളന്റിയറായി പ്രവര്‍ത്തിക്കുന്നതിനുള്ള ബാഡ്ജും ടാഗും കിട്ടിയത് അംഗീകാരം ഉള്ളതുകൊണ്ടാണ്. പവിലിയനില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ ആവശ്യമായ കൂപ്പണുകളും കുട്ടിക്ക് കിട്ടി. ഇപ്പോള്‍ മറ്റൊന്നും സംസാരിക്കാനില്ല. അവന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നു -അദ്ദേഹം പറയുന്നു.

കോട്ടയം മെഡിക്കല്‍ കോളേജിലെ ട്രോമാകെയര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അഭീലിന്റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറിന് ഇളക്കവും ഉണ്ടായിട്ടുണ്ട്. കണ്ണുകള്‍ക്കും ഗുരുതര പരിക്കേറ്റു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയശേഷം വെന്റിലേറ്റര്‍ സഹായം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്‍, നേത്രരോഗ വിഭാഗം മേധാവി ഡോ. വിജയമ്മ, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് മേധാവി ഡോ. മുരളീകൃഷ്ണന്‍, യൂണിറ്റ് ചീഫ് ഡോ. ആര്‍. രതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ.

Content Highlights: The student who got hit by Hammer remains in critical condition