മുംബൈ: ലോകകപ്പിലുടനീളം ഒരു സീനിയര്‍ താരം ഭാര്യയെ കൂടെ താമസിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലോകകപ്പ് സമയത്ത് 15 ദിവസം മാത്രമേ ഭാര്യയേയും കുടുംബത്തേയും കൂടെ താമസിപ്പിക്കാവൂ എന്ന ബി.സി.സി.ഐയുടെ കര്‍ശനനിര്‍ദേശം ലംഘിച്ചായിരുന്നു ഇത്. ഈ താരത്തിനെതിരേ ബി.സി.സി.ഐയുടെ അന്വേഷണം വന്നേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

എന്നാല്‍ ആ സീനിയര്‍ താരത്തെ കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയോ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോ ആണ് ഈ താരമെന്നും അതിനാലാണ് കടുത്ത നടപടിയെടുക്കാത്തത് എന്നും ആരാധകര്‍ പറയുന്നു.

ലോകകപ്പ് തീരുന്നതുവരെ കുടുംബത്തെ കൂടെത്താമസിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഈ സീനിയര്‍ താരം കഴിഞ്ഞ മെയില്‍ ഇടക്കാല ഭരണസമിതിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സമിതി ഇത് തള്ളി. ഈ താരം തന്നെയാണ് ലോകകപ്പ് നടന്ന ഏഴ് ആഴ്ച്ചയും കുടുംബത്തെ കൂടെത്താമസിപ്പിച്ചത്. ഇക്കാര്യം നേരത്തെ ബി.സി.സി.ഐ പ്രതിനിധി പി.ടി.ഐയോട് വ്യക്തമാക്കിയിരുന്നു.

സീനിയര്‍ താരത്തിന് ക്യാപ്റ്റന്റേയോ കോച്ചിന്റേയോ അനുമതി ഉണ്ടായിരുന്നില്ല. ഈ വിഷയത്തില്‍ ടീമിന്റെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജരായ സുനില്‍ സുബ്രഹ്മണ്യന് വീഴ്ച പറ്റിയെന്നും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയോ തടയുകയോ ചെയ്തില്ലെന്നും ബി.സി.സി.ഐ പ്രതിനിധി ചൂണ്ടിക്കാട്ടിയിരുന്നു. 

Content Highlights: The Player Who Flouted BCCI’s Family Clause ms Dhoni or Rohit Sharma