കാസര്‍കോട്: ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏക ടെന്നീസ് കോര്‍ട്ട് പരിചരണമില്ലാതെ നശിക്കുന്നു. ജില്ലാ ഭരണകൂടം, ചെങ്കള പഞ്ചായത്ത്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, ഗെയില്‍ എന്നിവയുടെ സംയുക്ത സംരംഭമായി നായന്മാര്‍മൂലയില്‍ തുടങ്ങിയ ടെന്നീസ് കോര്‍ട്ട് മുഴുവനായി കാടുകയറി. കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന അക്കാദമിയാക്കി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കോര്‍ട്ട് പണിതത്.

2020 സെപ്റ്റംബര്‍ എട്ടിന് അന്നത്തെ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനായിരുന്നു അക്കാദമി ഉദ്ഘാടനം ചെയ്തത്. 20 ദിവസം കുട്ടികള്‍ക്കായി പരിശീലനം നടത്തിയെങ്കിലും പിന്നീട് കോവിഡ് വ്യാപിച്ചപ്പോള്‍ അടച്ചിട്ടു. ഇതോടെ ടെന്നീസ് കോര്‍ട്ടിന്റെ കഷ്ടകാലവും തുടങ്ങി.

ഇവിടെയുണ്ട് പേരിനൊരു ടെന്നീസ് അക്കാദമി
കാസര്‍കോട് ടെന്നീസ് അക്കാദമിയുടെ കോര്‍ട്ട് കാടുകയറിയ നിലയില്‍

ടെന്നീസ് അക്കാദമിയുടെ മണ്‍കോര്‍ട്ട് നിറയെ ഉണക്കപ്പുല്ല് വളര്‍ന്ന് കാടുകയറിയ നിലയിലാണ്. കോര്‍ട്ടിന്റെ അടയാളങ്ങള്‍ പൂര്‍ണമായും മാഞ്ഞു. നെറ്റ് ഉയര്‍ത്താനായി സ്ഥാപിച്ച തൂണുകള്‍ മാത്രമാണ് ഇപ്പോള്‍ കോര്‍ട്ടിന്റെ സ്വഭാവം നിലനിര്‍ത്തുന്നത്. മരക്കഷണങ്ങളും കല്ലുകളും കോര്‍ട്ടിന്റെയുള്ളില്‍ കൂട്ടിയിട്ട് നശിപ്പിച്ച നിലയിലാണ്. കോര്‍ട്ടിന്റെ സുരക്ഷയ്ക്കായി നാലുഭാഗത്തും കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇത് മുറിച്ച് അകത്തേക്ക് കടന്നിട്ടുണ്ട്. പ്രധാന ഗേറ്റ് താഴിട്ട് പൂട്ടിയിട്ടുണ്ടെങ്കിലും പിറകിലെ ഗേറ്റ് തുറന്നിട്ടിരിക്കുകയാണ്. ഡ്രസിങ് മുറിയും ശൗചാലയവും അക്കാദമിയുടെ ഭാഗമായി നിലനില്‍ക്കുന്നുണ്ട്.

റവന്യൂവകുപ്പിന്റെ 40 സെന്റ് സ്ഥലത്ത് ഗെയിലിന്റെ സാമൂഹികപ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണ് കോര്‍ട്ട്. അക്കാദമിയായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി 200 വാട്‌സ് വീതമുള്ള നാല് ഫ്‌ളഡ്‌ലിറ്റ് വീതം നാലിടങ്ങളിലായി സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായിരുന്നു. കോവിഡ് വ്യാപനമുണ്ടായതിനെ തുടര്‍ന്ന് മുടങ്ങുകയായിരുന്നു.

Content Highlights: the only government-owned tennis court in the kasargod district is crumbling without maintenance