മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ വിരാട് കോലിയെ പ്രകീര്‍ത്തിച്ച് മുന്‍ ബാറ്റ്‌സ്മാനും ഓസ്‌ട്രേലിയന്‍ കോച്ചുമായ ജസ്റ്റിന്‍ ലാംഗര്‍. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്നാണ് ലാംഗര്‍ കോലിയെ വിശേഷിപ്പിച്ചത്. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര ആരംഭിക്കാനിരിക്കെയാണ് ലാംഗറുടെ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്.

'ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും മികച്ച ബാറ്റ്‌സ്മാനാണ് വിരാട് കോലി. അതിന് പല കാരണങ്ങളുണ്ട്. ബാറ്റിങ്ങിലെ സ്ഥിരത മാത്രമല്ല അദ്ദേഹം കാത്തുസൂക്ഷിക്കുന്ന ഊര്‍ജസ്വലതയും കളിയോട് പ്രകടിപ്പിക്കുന്ന അര്‍പ്പണവുമെല്ലാം കോലിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. അത് അദ്ദേഹം ഗ്രൗണ്ടില്‍ പ്രകടിപ്പിക്കുന്നത് കാണുമ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നും.'-ലാംഗര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍മാര്‍ക്കൊപ്പമുള്ള വീഡിയോ കോണ്‍ഫറന്‍സിങ്ങിനിടെയാണ് ലാംഗര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം നവംബര്‍ 27 ന് ആരംഭിക്കും. ഏകദിനമത്സരങ്ങളാണ് ആദ്യം നടക്കുക. പിന്നാലെ ട്വന്റി 20 മത്സരങ്ങളും ടെസ്റ്റ് പരമ്പരയും നടക്കും. കഴിഞ്ഞ തവണ നടന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ കീഴടക്കിയിരുന്നു. ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നേടുന്ന ആദ്യ പരമ്പരയായിരുന്നു അത്. വിരാട് കോലിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അന്ന് വിജയം സ്വന്തമാക്കിയത്. 

ഇത്തവണ അവസാന മൂന്നു ടെസ്റ്റുകളില്‍ കോലി കളിക്കില്ല. ഇത് ഓസ്‌ട്രേലിയയ്ക്ക് ഗുണം ചെയ്യുമെങ്കിലും അദ്ദേഹത്തിന്റെ കളി കാണാന്‍ പറ്റാത്തതില്‍ സങ്കടമുണ്ടെന്ന് ലാംഗര്‍ കൂട്ടിച്ചേര്‍ത്തു. കോലിയില്ലാത്ത ഇന്ത്യയെ ഓസീസിന് കീഴ്‌പ്പെടുത്താനാകുമെന്ന പ്രതീക്ഷയും ലാംഗര്‍ പങ്കുവെച്ചു. 

വിരാട് കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയായിരിക്കും ടീമിനെ നിയന്ത്രിക്കുക. 

Content Highlights: The best player I have seen in my life Australia coach Justin Langer in awe of Virat Kohli