Photo: AFP
അഡ്ലെയ്ഡ്: 2018-ല്‍ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ സ്റ്റീവ് സ്മിത്തിന് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായാണ് മാര്‍നസ് ലബുഷെയ്നെന്ന ഓസ്ട്രേലിയന്‍ താരം ആദ്യമായി ദേശീയ ടീമില്‍ ഇടംപിടിക്കുന്നത്.
അവിടെനിന്നും ഇങ്ങോട്ട് ഓരോ ടെസ്റ്റ് ഇന്നിങ്സ് കഴിയുമ്പോഴും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ലബുഷെയ്ന്.
ഇപ്പോഴിതാ ആഷസ് പരമ്പരയിലെ ഡേ-നൈറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി മറ്റൊരു പൊന്‍തൂവല്‍ കൂടി തന്റെ തൊപ്പിയില്‍ ചേര്‍ത്തിരിക്കുകയാണ് താരം.
ഡേ-നൈറ്റ് ടെസ്റ്റുകളില്‍ താരത്തിന്റെ മൂന്നാം സെഞ്ചുറിയാണിത്. ഇതോടെ ഡേ-നൈറ്റ് ടെസ്റ്റുകളില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ലബുഷെയ്നെ തേടിയെത്തിയത്.
അഡ്ലെയ്ഡ് ഓവലില്‍ നടന്ന തുടര്‍ച്ചയായ മൂന്നാമത്തെ ഡേ-നൈറ്റ് ടെസ്റ്റിലാണ് ലബുഷെയ്ന് സെഞ്ചുറി തികയ്ക്കുന്നത്.
മത്സരത്തില്‍ 400 മിനിറ്റോളം ക്രീസില്‍ നിന്ന് 305 പന്തുകള്‍ നേരിട്ട് 103 റണ്‍സെടുത്താണ് താരം പുറത്തായത്. ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു താരത്തിന്റെ ഇന്നിങ്സ്. വ്യക്തിഗത സ്കോര്‍ 21-ലും 95-ലും നില്‍ക്കേ ലബുഷെയ്ന് നല്കിയ ക്യാച്ചുകള്‍ ജോസ് ബട്ട്ലര്‍ നഷ്ടപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ഒലെ റോബിന്‍സന്റെ ബട്ട്ലര്‍ക്ക് ക്യാച്ച് നല്കി താരം മടങ്ങിയെങ്കിലും ഈ പന്ത് നോ ബോളായതോടെ തിരികെയെത്തുകയായിരുന്നു.
ഇതോടൊപ്പം ടെസ്റ്റില്‍ 2000 റണ്‍സെന്ന നാഴികക്കല്ലും താരം പിന്നിട്ടു. ഏറ്റവും വേഗത്തില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത്തെ ഓസീസ് താരവും ലോകത്തെ അഞ്ചാമത്തെ വേഗമേറിയ ബാറ്ററുമാണ് ലബുഷെയ്ന്. 34 ഇന്നിങ്സുകളില്‍ നിന്നാണ് ലബുഷെയ്ന് ടെസ്റ്റില്‍ 2000 തികച്ചത്.
ടെസ്റ്റ് ക്രിക്കറ്റിന്റെ 144 വര്‍ഷത്തെ ചരിത്രത്തിലെ 3,068 കളിക്കാരില്‍, ഡോണ്‍ ബ്രാഡ്മാന് (ഓസ്ട്രേലിയ), ജോര്‍ജ്ജ് ഹെഡ്ലി (വെസ്റ്റിന്‍ഡീസ്), ഹെര്‍ബര്‍ട്ട് സട്ട്ക്ലിഫ് (ഇംഗ്ലണ്ട്), മൈക്കല്‍ ഹസ്സി (ഓസ്ട്രേലിയ) എന്നിവര്‍ മാത്രമാണ് ലബുഷെയ്നിന്റെ 34 ഇന്നിങ്സുകളേക്കാള്‍ വേഗത്തില്‍ 2000 ടെസ്റ്റ് റണ്‍സ് തികച്ചത്.
ബ്രാഡ്മാന് വെറും 22 ഇന്നിങ്സുകളില്‍ നിന്നും ഹെഡ്ലി 32 ഇന്ന്ങ്സുകളില് നിന്നും സട്ട്ക്ലിഫും ഹസ്സിയും 33 ഇന്നിങ്സുകളില്‍ നിന്നുമാണ് ഈ നേട്ടത്തിലെത്തിയത്.
Content Highlights: The Ashes Marnus Labuschagne added another feather to his cap
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..