മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറ തെണ്ടുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുണ്ടാക്കിയ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. അന്ധേരിയിലെ മിലിറ്ററി റോഡില്‍ താമസിക്കുന്ന നിഥിന്‍ ശിശോദെ എന്ന മുപ്പത്തിയൊമ്പതുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. വഞ്ചന, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

എന്‍.സി.പി നേതാവ് ശരദ് പവാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കമന്റുകള്‍ ഈ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്നിരുന്നു. അത് വലിയ രാഷ്ട്രീയ കോലാഹലത്തിന് വഴിവെയ്ക്കുകയും ചെയ്തു. 
എല്ലാവര്‍ക്കും അറിയാം ശരദ് പവാറും എന്‍.സി.പി.യുമാണ് മഹാരാഷ്ട്രയെ കൊള്ളയടിച്ചതെന്ന്. എന്നാല്‍ അദ്ദേഹം കേന്ദ്രത്തിലും ഇതുതന്നെയാണ് ചെയ്തതെന്ന് പലര്‍ക്കും അറിയില്ല എന്നായിരുന്നു മല്ല്യനെയിംസ്പവാര്‍ എന്ന ഹാഷ്ടാഗില്‍ ഒക്ടോബര്‍ ഒന്‍പതിന് സാറ തെണ്ടുല്‍ക്കര്‍ എന്ന അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറഞ്ഞത്.

തുടര്‍ന്ന് ഈ ട്വീറ്റിനെ കുറിച്ച് വിശദീകരിക്കണം എന്ന് എന്‍.സി.പിയുടെ നിയമസഭാംഗം ജിതേന്ദ്ര അവാഡ് സച്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്് സച്ചിന്‍ വിശദീകരണവുമായി രംഗത്തുവരികയും ചെയ്തു. പ്ലീസ്... മക്കളായ സാറയുടെ പേരില്‍ ട്വിറ്ററിലുള്ളത് വ്യാജ അക്കൗണ്ടാണ്. അവള്‍ക്ക് ട്വിറ്റര്‍ അക്കൗണ്ടില്ല. ഈ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ഞാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപോലുള്ള ആള്‍മാറാട്ടങ്ങള്‍ ഞങ്ങള്‍ക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളും മാനസികപ്രയാസങ്ങളും അതുണ്ടാക്കുന്ന ആശയക്കുഴപ്പവും വലുതാണ്-സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. ഈ അക്കൗണ്ട് പിന്നീട് മരവിപ്പിക്കുകയും ചെയ്തു. 

വ്യാജ ട്വിറ്റര്‍ അക്കൗണ്ടുണ്ടാക്കിയതിനെതിരെ സച്ചിന്റെ പേഴ്സണല്‍ അസിസ്റ്റന്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സാറ ലണ്ടനിലാണ് പഠിക്കുന്നതെന്നും അവളറിയാതെയാണ് ഈ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയതെന്നുമാണ് പരാതിയില്‍ പറയുന്നത്. ഒപ്പം സച്ചിന്‍ പല സമയങ്ങളിലും ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അക്കൗണ്ട് കണ്ട് സച്ചിന്‍ ഞെട്ടിപ്പോയെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. 

 Content Highlights: Techie arrested for creating fake Twitter ID of Sachins daughter