സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് നടന്ന ഇന്ത്യ - ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപത്തിന് ഇരയായതായി സ്ഥിരീകരിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ.

സംഭവത്തെ കുറിച്ച് അന്വേഷിച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ (സി.കെ) അന്വേഷണ സമിതി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് (ഐ.സി.സി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണമുള്ളത്. 

സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുറയ്ക്കും നേരെയാണ് ഓസീസ് കാണികളില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായത്. ഇതോടെ ടീം മാച്ച് റഫറി ഡേവിഡ് ബൂണിനും ഐ.സി.സിക്കും ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു.

മദ്യപിച്ച് ഗ്രൗണ്ടിലെത്തിയ ചില ഓസ്ട്രേലിയന്‍ ആരാധകരാണ് സിറാജിനോട് മോശമായി സംസാരിച്ചത്. ഇക്കാര്യം ഉടന്‍തന്നെ സിറാജ് നായകനായ അജിങ്ക്യ രഹാനെയെ അറിയിച്ചു. രഹാനെ ഇക്കാര്യം അമ്പയര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. 

ഇതിനു പിന്നാലെ നാലാം ദിനത്തിലും സിറാജിന് മോശം അനുഭവമുണ്ടായി. താരത്തോട് മോശമായി പെരുമാറിയ ആറ് ഓസ്ട്രേലിയന്‍ ആരാധകരെ സിഡ്നി ക്രിക്കറ്റ് മൈതാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിനു പിന്നാലെ സംഭവത്തില്‍ ഐ.സി.സി. അന്വേഷണം പ്രഖ്യാപിച്ചു.

അതേസമയം സിസിടിവി ദൃശ്യങ്ങളും, ടിക്കറ്റ് വിവരങ്ങളും അടക്കം പരിശോധിച്ചിട്ടുണ്ടെന്നും കുറ്റക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Team India players were subject to racial abuse confirms Cricket Australia