കാന്‍ബറ: വ്യക്തിപരമായി അധിക്ഷേപങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഇടമാണ് സോഷ്യല്‍ മീഡിയ. സോഷ്യല്‍ മീഡിയ ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സ്ഥിരമായി നമ്മള്‍ കാണുന്നതുമാണ്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നതില്‍ ഒട്ടും പിന്നിലല്ലാത്ത വിഭാഗമാണ് സിനിമ താരങ്ങളും കായിക താരങ്ങളും.

ഇപ്പോഴിതാ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ ആക്രമണത്തിന് വിധേയയായിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ വനിതാ താരം. ബോക്‌സറും ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ കാള്‍ട്ടണിന്റെ താരമായ ടൈല ഹാരിസിനാണ് ഒരു ചിത്രത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്. 

ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ വെസ്‌റ്റേണ്‍ ബുള്‍ഡോഗ്‌സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടൈല 40 മീറ്റര്‍ അകലെ നിന്നുള്ള ഒരു കിക്കിലൂടെ ഗോള്‍ നേടിയിരുന്നു. ടൈല ഗോള്‍ നേടുന്ന ഈ ചിത്രം ഓസീസ് ചാനല്‍ സെവനിന്റെ എ.എഫ്.എല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 

എന്നാല്‍ ഈ പോസ്റ്റുകള്‍ക്ക് താഴെ പിന്നീട് പ്രത്യക്ഷപ്പെട്ടത് ടൈലക്കെതിരെയുള്ള അശ്ലീല കമന്റുകളും അത്തരത്തിലുള്ള ട്രോളുകളുമായിരുന്നു. അപകീര്‍ത്തികരവും ലൈംഗികച്ചുവയുമുള്ളവയുമായിരുന്നു ഇതില്‍ ഏറെയും. ചിത്രത്തിനു താഴെ ഇത്തരം കമന്റുകള്‍ വ്യാപകമായതോടെ എ.എഫ്.എല്‍ ചിത്രം നീക്കം ചെയ്യുകയും ചെയ്തു. 

പേജില്‍ പ്രത്യക്ഷപ്പെട്ട കമന്റുകള്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലായിരുന്നുവെന്ന് ടൈല ഹാരിസ് തന്നെ പിന്നീട് പ്രതികരിച്ചു. ഇത്തരക്കാര്‍ക്കെതിരേ കടുത്ത നടപടി തന്നെ സ്വീകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൃഗങ്ങളാണ് ഇത്തരം പ്രവൃത്തികള്‍ക്ക് മുതിരുകയെന്നും ടൈല ട്വിറ്ററിലൂടെ തുറന്നടിച്ചു. വിവാദമായ ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ പ്രതികരണം. 

tayla harris online comments amount to sexual abuse

ടൈലക്കെതിരായ സോഷ്യല്‍ മീഡിയ ആക്രമണത്തെ അപലപിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും രംഗത്തെത്തി. തികച്ചും ഹീനമായ പ്രവൃത്തിയാണിതെന്ന് പറഞ്ഞ മോറിസണ്‍ ഇത് ചെയ്തവര്‍ ഭീരുക്കളാണെന്നും കൂട്ടിച്ചേര്‍ത്തു. 

ഓസ്‌ട്രേലിയന്‍ ക്യാബിനറ്റ് മന്ത്രി കെല്ലി മേഗന്‍ ഒ ഡ്വയറും ടൈല ഹാരിസിനെതിരെയുണ്ടായ അധിക്ഷേപങ്ങള്‍ക്കെതിരേ രംഗത്തെത്തി. താരത്തിനെതിരെയുള്ള ട്രോളുകളും കമന്റുകളും അറപ്പുളവാക്കുന്നവയാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം ഇത്തരം സോഷ്യല്‍ മീഡിയ ആക്രമണങ്ങളെ അതിന്റേതായ രീതിയില്‍  കൈകാര്യം ചെയ്യേണ്ടതിനു പകരം ചിത്രം നീക്കം ചെയ്ത ചാനല്‍ സെവന്റെ നടപടി ശരിയായില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

ഈ വിഷയത്തില്‍ പ്രതികരണവുമായി നിരവധി ഓസീസ് കായിക താരങ്ങളും രംഗത്തെത്തിയതോടെ ഈ സംഭവം രാജ്യത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Content Highlights: tayla harris online comments amount to sexual abuse